പിആര്‍ ഏജന്‍സി ഉണ്ടോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം : രമേശ് ചെന്നിത്തല
മുംബൈ: മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഉണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. അവരാരും സ്വര്‍ണക്കള്ളക്കടത്തുകാരല്ല. സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, അന്‍വറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാന്‍ ആകില്ലെന്നായിരുന്നു ഈ വിഷയത്തില്‍ ചെന്നിത്തലയുടെ പ്രതികരണം. കൂട്ടായ ചര്‍ച്ചകളാണ് ആവശ്യം. അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ നേരത്തെ പ്രതിപക്ഷവും പറഞ്ഞതാണ്. അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ല. പിണറായി വിജയനെന്നുള്ള വിഗ്രഹം തകര്‍ന്നു. അത് പുനര്‍നിര്‍മ്മിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































