January 22, 2025
#kerala #Top Four

എം ആര്‍ അജിത് കുമാറിനെ പേരിന് മാത്രം മാറ്റിയതിലും വിവാദം ; ഘടകകക്ഷികള്‍ക്കും അതൃപ്തി

തിരുവനന്തപുരം: വിശ്വസ്തനായ എഡിജിപിയെ ഒടുവില്‍ മുഖ്യമന്ത്രി കൈവിട്ടു. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിയിട്ട് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒടുവില്‍ മുഖ്യമന്ത്രിയും കൈവിട്ടു. ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റി. പകരം ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനാണ് ചുമതല കൊടുത്തിരിക്കുന്നത്. അതേസമയം അജിത് കുമാറിന് സായുധ ബറ്റാലിയന്റെ ചുമതലയില്‍ നിന്നും മാറ്റിയിട്ടില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എന്നാല്‍ അജിത് കുമാറിനെ പേരിന് മാത്രം മാറ്റിയതില്‍ വിവാദം കനക്കുകയാണ്.എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ഉണ്ടായിട്ടും അതൊന്നും പറയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വര്‍ത്താകുറിപ്പ് ഇറക്കിയത്. ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എംആര്‍ അജിത് കുമാറിന്റെ മാറ്റം മുഖ്യമന്ത്രി ഫയലില്‍ കുറിച്ചത്. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനും സായുധ ബറ്റാലിയന്റെ ചുമതല നിലനിര്‍ത്താനും ഫയലില്‍ എഴുതിയ ശേഷം മുഖ്യമന്ത്രി അത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.

എഡിജിപിയെ മാറ്റിയ രീതിയില്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. നടപടി വൈകിപ്പോയെന്ന് സിപിഐയും ആര്‍ജെഡിയും പറയുന്നു. പേരിനുള്ള മാറ്റത്തിന് എന്തിനു ഒരു മാസമെന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം, മനോജ് എബ്രഹാമിന് ഉടന്‍ ഇന്റലിജന്‍സ് ഒഴിയാന്‍ ആകില്ല. നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ പകരം ചുമതല നല്‍കാതെ ഒഴിയാന്‍ ആവില്ല. അടിയന്തര പ്രമേയങ്ങളിലെ മറുപടിയും സഭ ചോദ്യങ്ങളുടെ മറുപടിയും ഒക്കെ തയാറാവേണ്ട സമയത്ത് ഇന്റലിജന്‍സ് മേധാവിയെ മാറ്റുക എളുപ്പമല്ല. എംആര്‍ അജിത്കുമാര്‍ ക്രമസമാധാന ചുമതലയിലേക്ക് വീണ്ടും എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.

 

Leave a comment

Your email address will not be published. Required fields are marked *