സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടെ എക്‌സൈസ് പിടികൂടിയത് 544 കോടി രൂപയുടെ മയക്കുമരുന്ന്
മലപ്പുറം : സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിനുള്ളില്‍ എക്‌സൈസ് പിടികൂടിയത് അന്താരാഷ്ട്ര വിപണിയില്‍ 544 കോടി രൂപ വില വരുന്ന മയക്കുമരുന്ന്. കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, മെത്തഫിറ്റമിന്‍,നൈട്രോസെഫാം തുടങ്ങിയവയാണ് ഇതില്‍ ഏറെയും. ഇവയുടെ ഉപയോഗം ദിനംപ്രതി സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതും എക്‌സൈസ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2014 മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മയക്കുമരുന്നിന്റെ ഉപഭോഗം കണ്ടെത്തുന്നതിനായി ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് 855194 പരിശോധനകള്‍ നടത്തിയതായി എക്‌സൈസ് വകുപ്പ് അവകാശപ്പെടുന്നു.
Also Read ; സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ചിലവാക്കിയത് 1.83 കോടി രൂപ
അതേസമയം സംസ്ഥാനത്ത് പിടിക്കപ്പെട്ട മയക്കുമരുന്നുകളില്‍ ഏറ്റവും ഉയര്‍ന്ന അളവിലുള്ളത് കഞ്ചാവാണ്. പത്തുവര്‍ഷത്തിനിടെ 23743.466 കിലോ കഞ്ചാവാണ് പിടികൂടിയത്. 19903 കഞ്ചാവ് ചെടികള്‍ ഇതിനോടകം വെട്ടിനശിപ്പിച്ചു. 72.176 കിലോ ഹാഷിഷും 130.79 കിലോ ഹാഷിഷ് ഓയിലും 70099 ലഹരി ഗുളികകളും പിടികൂടി. 29.12 കിലോ മെത്തഫിറ്റാമിനും 19.449 കിലോ എംഡിഎംഎമ്മയും 1882 കിലോ ബ്രൗണ്‍ ഷുഗറും കസ്റ്റഡിയിലെടുത്തു.5.79 കിലോ ഓപ്പിയവും 3.112 കിലോ ചരസ്സും 103.84 ഗ്രാം എല്‍.എസ്.ഡിയും 7.395 കിലോ ഹെറോയിനും 386 ആംപ്യൂള്‍സും പരിശോധനയില്‍ കണ്ടെടുത്തു. 1.5 ഗ്രാം കൊഡൈന്‍, 13.45 ഗ്രാം കൊക്കെയിന്‍, 0.515 ഗ്രാം മാജിക് മഷ്‌റൂം, 74 മില്ലിഗ്രാം മെഫന്റര്‍മൈന്‍ സള്‍ഫേറ്റ് എന്നിവയും പിടികൂടിയവയില്‍ ഉള്‍പ്പെടും.
എന്‍.ഡി.പി.എസ് നിയമപ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ, 53787 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ കേസുകളുമായി ബന്ധപ്പെട്ട് 52897 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അതേസമയം സംസ്ഥാനത്ത് ഈ കേസുകളില്‍ അകപ്പെട്ട പ്രതികളില്‍ ഭൂരിഭാഗവും 18നും 40നും ഇടയില്‍ പ്രായമുള്ളവരാണെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പുറത്തുവിട്ട നിയമസഭ രേഖയില്‍ പറയുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെട്ട 154 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടങ്ങള്‍ സംസ്ഥാനത്ത് കൂടികൊണ്ടിരിക്കുകയാണ്.വര്‍ധിച്ചുവരുന്ന സമൂഹമാധ്യമ സ്വാധീനവും കുടുംബ ബന്ധങ്ങളിലെ വിള്ളലും സമൂഹത്തിലെ ഒറ്റപ്പെടലുകളും വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിയുള്ള മാഫിയ ഇടപെടലുകളും കുട്ടികളെ വലഹരി ഉപഭോഗത്തിലേക്കും നയിക്കുന്നതായി മന്ത്രി എം ബി രാജേഷ് പറയുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































