ശബരിമലയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയാന്‍ സംവിധാനമില്ല; ഉടന്‍ എഡബ്ല്യുഎസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

തുലാമഴ ശക്തമായിരിക്കെ ശബരിമല മേഖലയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇപ്പോളും കേന്ദ്രകാലാവസ്ഥാ വകുപ്പിന് കൃത്യമായ സംവിധാനങ്ങളില്ല. 2018ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് നൂറിലേറെ ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോഴും ശബരിമല, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ സംവിധാനമില്ല.
തീര്‍ഥാടന കാലത്തിനു 10 ദിവസം മാത്രം ശേഷിക്കെ എത്രയും വേഗം ഈ മേഖലകളില്‍ എഡബ്ല്യുഎസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസമായി ശക്തമായ മഴയാണുള്ളത്. പെരുനാട് പഞ്ചായത്തിലാണ് ശബരിമലയുള്ളത്. ഇവിടെനിന്നും 36 കിലോമീറ്റര്‍ അകലെയുള്ള ളാഹയിലാണ് എഡബ്ല്യുഎസുള്ളത്. അടുത്തുള്ള മറ്റൊരു സ്റ്റേഷന്‍ സീതത്തോടാണ്. എന്നാല്‍ ഇത് പലപ്പോളും പ്രവര്‍ത്തിക്കുന്നുമില്ല. കഴിഞ്ഞ ശനിയാഴ്ച ളാഹയില്‍ ഒന്നര മണിക്കൂറിനിടെ 100 മില്ലിമീറ്ററിലേറെ മഴ പെയ്യുന്ന സാഹചര്യമുണ്ടായി. ഇത്തരത്തില്‍ അസാധാരണ സാഹചര്യങ്ങള്‍ വരുമ്പോള്‍ കൃത്യമായ മുന്നറിയിപ്പ് കൊടുക്കാനോ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാനോ കഴിയാതെ വരും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അടിയന്തര സാഹചര്യങ്ങളില്‍ എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്ന കാര്യത്തിലുള്‍പ്പെടെ ഇത്തരം വിവരങ്ങള്‍ അനിവാര്യമാണ്. പമ്പാ നദിയുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വകുപ്പിന് മാനുവലായി വിവര ശേഖരണത്തിനുള്ള സംവിധാനമുണ്ട്. എന്നാല്‍ ഇത് കാലാവസ്ഥാ പ്രവചനത്തിന് ഉപകരിക്കില്ല. ഇതാണ് എഡബ്ല്യുഎസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരാന്‍ കാരണം.