December 18, 2024
#news #Top Four

നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷി പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വ്യക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ട് വ്യക്കകളും തകരാറിലായതോടെ സുമനസ്സുകളുടെ സഹായത്തോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാര്‍ മുന്നോട്ട് പോയിരുന്നത്. ഇതിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കി.

Also Read; പാലക്കാട് അപകടം ; കുട്ടികളുടെ മടക്കവും ഒന്നിച്ച്, സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍. കേസിലെ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി ഓഡിയോ സംഭാഷണങ്ങളും അനുബന്ധ തെളിവുകളും ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ടിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടിരുന്നുവെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലും ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. നടിയെ ആക്രമച്ചതിന്റെ ദൃശ്യങ്ങള്‍ ഒരു വിഐപി വഴി ദിലീപിന്റെ കൈവശം എത്തിച്ചേര്‍ന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്നുമുള്ള വെളിപ്പെടുത്തലും ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. കോടതിയില്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ രഹസ്യമൊഴിയും നല്‍കിയിരുന്നു. അസുഖബാധിതനായിരിക്കെ ആരോഗ്യസ്ഥിതി പരിഗണിക്കാതെയായിരുന്നു ബാലചന്ദ്രകുമാര്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയില്‍ പങ്കെടുത്തത്.

ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ നടന്റെ വീട്ടിലെ അടുപ്പക്കാരനാകുന്നത്. പിന്നീട് നടിയെ ആക്രമിച്ചതിന് ശേഷം നടന്ന പലസംഭവവികാസങ്ങളും ദൃക്‌സാക്ഷിയായിരുന്നു ബാലചന്ദ്രകുമാര്‍.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *