#kerala #Top Four

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി, അന്വേഷത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ട്് പോകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന യൂട്യൂബ് ചാനലിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു.

Also Read ; മണിയാര്‍ കരാര്‍ നീട്ടരുതെന്ന് വൈദ്യുതി വകുപ്പ് ; സര്‍ക്കാര്‍ തലത്തില്‍ ഭിന്നത

ആറംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ച്ച ഉണ്ടെങ്കില്‍ പരിഹരിക്കും. ചോര്‍ച്ച സംബന്ധിച്ച് അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കര്‍ശന നടപടിയെടുക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമേയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ചോദ്യപേപ്പര്‍ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബിആര്‍സികള്‍ വഴിയാണ് ചോദ്യപ്പേപ്പര്‍ വിതരം ചെയ്തതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അര്‍ധ വാര്‍ഷിക പരീക്ഷാ ചോദ്യപ്പേപ്പറുകള്‍ വളരെ നേരത്തേ സ്‌കൂളുകളില്‍ എത്താറുണ്ട്. ഇത്തരം സംഭവം മേലില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നടപടി. അധ്യാപകര്‍ സ്‌കൂളുകള്‍ക്ക് മുന്നിലെ ട്യൂഷന്‍ കേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ കാര്യവും അന്വേഷിക്കും.

എംഎസ് സൊല്യൂഷന്‍സ് പരിധികളെല്ലാം ലംഘിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. സ്ഥാപനം മര്യാദയുടെ പരിധികള്‍ ലംഘിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന വിധത്തില്‍ സ്ഥാപനം പ്രവര്‍ത്തിച്ചുവെന്നും മന്ത്രി വിമര്‍ശിച്ചു. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതില്‍ മാറ്റം വരുത്തുമെന്നും വിരമിച്ച ഒരു അധ്യാപകന് എംഎസ് സൊല്യൂഷനുമായി ബന്ധം ഉണ്ടെന്ന് ഡിഡിഇയുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും മന്ത്രി പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *