പ്രതിപക്ഷ പ്രതിഷേധം അലയടിച്ചു; അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഇറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കില്ല

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന വിമാനം ഇന്ത്യയില്‍ ഇറക്കാന്‍ അനുമതി നല്‍കില്ല. പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ബിജെപിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. മോദി – ട്രംപ് കൂടിക്കാഴ്ച കഴിയുന്നത് വരെ ഇനി തിരിച്ചയക്കല്‍ നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.
അതേ സമയം, അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക തിരികെ നാട്ടിലെത്തിച്ചതിലെ മനുഷ്യത്വരഹിതമായ രീതിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചത് ക്രൂരമായ രീതിയിലെന്ന് അമേരിക്കയില്‍ നിന്നെത്തിയവര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 40 മണിക്കൂറിലധികമുണ്ടായ സൈനിക വിമാനത്തിലെ യാത്രയില്‍ കൈകാലുകളില്‍ വിലങ്ങണിയിച്ചാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
104 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കന്‍ യുദ്ധ വിമാനം അമൃത്സര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ത്യക്കാരെ കൈവിലങ്ങിട്ടും കാല്‍ ബന്ധിച്ചും അമേരിക്കന്‍ സൈനികവിമാനത്തില്‍ എത്തിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ?ഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷനേതാക്കളും എംപിമാരും പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചിരുന്നു.