വാലറ്റക്കാരന്റെ ബൗണ്ടറി ഷോട്ട് ഹെല്‍മറ്റില്‍ തട്ടി കേരള ക്യാപ്റ്റന്റെ കൈകളില്‍! രഞ്ജിയില്‍ കേരളം ചരിത്ര ഫൈനലിന് അരികെ

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ചരിത്ര ഫൈനലിനരികെ. ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിംഗ്സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. രണ്ട് ടീമുകളുടെയും രണ്ടാം ഇന്നിംഗ്സ് കൂടി പൂര്‍ത്തിയാകാനുണ്ടെങ്കിലും കേരളത്തിന്റെ ഫൈനല്‍ സാധ്യതക്ക് ഇനി മങ്ങലേല്‍ക്കാനുള്ള സാധ്യത വിരളമാണ്. ഗുജറാത്തിന് ഇനി ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ വെള്ളിയാഴ്ച കേരളത്തെ രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ ഔട്ടാക്കി ലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കേണ്ടതുണ്ട്. അതിനുള്ള സമയം മത്സരത്തില്‍ അവശേഷിക്കുന്നില്ല എന്നതിനാല്‍ കേരളത്തിന്റെ ചരിത്ര ഫൈനല്‍ തടയാന്‍ ഗുജറാത്തിന് ഇനി കഴിയില്ല. സ്പിന്നര്‍മാരായ ആദിത്യ സര്‍വാതോയും ജലജ് സക്സേനയുമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്തിനെ അവസാന ദിവസം കറക്കി വീഴ്ത്തിയത്.
Also Read; ജേഷ്ഠനെ കൊല്ലാന്‍ ലോറി കടയിലേക്ക് ഇടിച്ചുകയറ്റി; അനുജന്‍ അറസ്റ്റില്‍
നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സര്‍വാതെയെ ബൗണ്ടറി കടത്താന്‍ ഗുജറാത്തിന്റെ വാലറ്റക്കാരന്‍ അര്‍സാന്‍ നാഗ്വസ്വല്ല അടിച്ച പന്ത് ഫീല്‍ഡറായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ ഇടിച്ച് തെറിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തി. ആദ്യം ആശയക്കുഴപ്പമായെങ്കിലും പിന്നീട് അമ്പയര്‍ ഔട്ട് വിളിച്ചതോടെ കേരളത്തിന് ഫൈനല്‍ ഉറപ്പിക്കാന്‍ പോന്ന രണ്ട് റണ്‍സ് ലീഡ് സ്വന്തമായി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..