വിജയാഹ്ലാദപ്രകടനങ്ങള്‍ അതിരുവിട്ടാല്‍ പണികിട്ടും; മുന്നറിയിപ്പുമായി പോലീസ്
മലപ്പുറം: തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങള്‍ അതിരുവിട്ടാല്‍ പണികിട്ടുമെന്ന മുന്നറിയിപ്പുമായി പോലീസ്. നിര്‍ദ്ദേശങ്ങളും പോലീസ് പുറത്തിറക്കി. നിര്‍ദ്ദേശങ്ങള്‍ അണികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പാര്‍ട്ടി നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും പോലീസ് അറിയിച്ചു. കുട്ടികളെ വിജയാഹ്ലാദ പ്രകടനങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും പോലീസ് നിര്‍ദേശിച്ചു.
വോട്ടെണ്ണല്‍ ദിവസത്തെ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലായിരിക്കണം ആഹ്ലാദപ്രകടനം നടത്തേണ്ടതെന്നും യോഗത്തില്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടു. വിജയാഹ്ലാദപ്രകടനങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ഹൗസ് ഓഫീസറെ മുന്‍കൂട്ടി അറിയിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ആറുവരെ മാത്രമേ വിജയാഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നതിന് അനുമതിയുള്ളൂ.
മുട്ടടയില്‍ വൈഷ്ണ സുരേഷിന് അട്ടിമറി വിജയം
നിശ്ചിത സമയപരിധിക്കുശേഷം കാണുന്ന അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും വാദ്യോപകരണങ്ങളും പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കും. വിജയാഹ്ലാദ റാലികളില്‍ ഓഫ് റോഡ് വാഹനങ്ങള്‍, ബൈക്ക് സ്റ്റണ്ടിങ് എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. പരാജയപ്പെടുന്ന സ്ഥാനാര്‍ഥിയുടെ വീടിനുമുന്നിലോ അവരുടെ പാര്‍ട്ടി ഓഫീസിനുമുന്നിലോ നേതാക്കളുടെ വീടിനുമുന്നിലോ പോയിനിന്ന് വിജയാഹ്ലാദപ്രകടനം നടത്തുന്നതിനോ പടക്കം പൊട്ടിക്കുന്നതിനോ അനുമതിയില്ല. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ജാമ്യമില്ലാ വകുപ്പുകളിട്ട് കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി മാറിയവര്‍, സ്വതന്ത്രരായിനിന്ന് മത്സരിച്ചവര്‍ എന്നിവരുടെ നേരേയോ വീടുകള്‍ക്ക് നേരേയോ യാതൊരുവിധ ആഹ്ലാദപ്രകടനങ്ങളോ അക്രമങ്ങളോ ഉണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































