December 20, 2025
#kerala #Top Four

വിദ്യാര്‍ത്ഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതെ കെഎസ്ആര്‍ടിസി; പൊലീസില്‍ അറിയിച്ച് സഹയാത്രക്കാര്‍

തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ രാത്രി യാത്ര ചെയ്ത പെണ്‍കുട്ടികളെ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കിയില്ലെന്ന് പരാതി. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസില്‍ അങ്കമാലിയില്‍ നിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. കൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് ബസ് നിര്‍ത്താന്‍ കുട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയാറായില്ലെന്നാണ് പരാതി. എറണാകുളത്ത് പോയി മടങ്ങുംവഴിയാണ് ഇടുക്കി സ്വദേശി ഐശ്വര്യ എസ് നായരും പത്തനംതിട്ട സ്വദേശി ആല്‍ഫ പി ജോര്‍ജും ബസില്‍ കയറിയത്. രാത്രി ഒമ്പതരയോടെ ബസ് പൊങ്ങത്തെത്തിയപ്പോള്‍ ഇവിടെ ഇറങ്ങണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവറും കണ്ടക്ടറും അതിന് തയാറാകാതിരുന്നതോടെ കുട്ടികള്‍ കരഞ്ഞു.

‘കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു; അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നും മായാതെ നില്‍ക്കും’

മാനുഷിക പരിഗണന കാണിക്കണമെന്നും കുട്ടികള്‍ക്ക് ബസ് നിര്‍ത്തി നല്‍കണമെന്നും സഹയാത്രികരും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.ഇതോടെ യാത്രക്കാര്‍ കൊരട്ടി പൊലീസില്‍ വിവരമറിയിച്ചു. ഇതിനിടെ മുരിങ്ങൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി നല്‍കാമെന്ന് കണ്ടക്ടര്‍ അറിയിച്ചെങ്കിലും അവിടെ ഇറങ്ങിയാല്‍ തിരികെപ്പോകാന്‍ വഴി അറിയില്ലെന്ന് കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെ ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇറക്കി. വിവരമറിഞ്ഞ് ചാലക്കുടി എസ്എച്ച്ഒ എം കെ സജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി. ഇവരെ പൊങ്ങത്ത് എത്തിക്കാന്‍ പൊലീസ് സന്നദ്ധരായെങ്കിലും കോളേജ് അധികൃതര്‍ വരുമെന്ന് അറിയിച്ചതോടെ അവരുടെ കൂടെ വിട്ടയച്ചു. വിദ്യാര്‍ത്ഥിനികള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി.

 

Leave a comment

Your email address will not be published. Required fields are marked *