December 18, 2025
#kerala #Top News

കഞ്ചിക്കോട് അയ്യപ്പന്‍മലയിലെ കരടികളുടെ മരണകാരണം ഷോക്കേറ്റുള്ള ഹൃദയാഘാതം; ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിച്ചു

പാലക്കാട് : കഞ്ചിക്കോട് അയ്യപ്പന്‍മലയില്‍ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് ചത്ത രണ്ട് കരടികളുടെ ജഡങ്ങള്‍ ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം നടത്തി. വനംവകുപ്പിന്റെ ധോണി ഫോറസ്റ്റ് വെറ്ററിനറി ചികിത്സാകേന്ദ്രത്തില്‍ ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. രണ്ടരയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വനംവകുപ്പിന്റെ ക്യാമ്പ് വളപ്പില്‍ ജഡങ്ങള്‍ സംസ്‌കരിച്ചു. വാളയാര്‍ റേഞ്ച് ഓഫീസര്‍ മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ വനപാലകരും സന്നിഹിതരായിരുന്നു.

Also Read ;ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 1132 വിമാനത്തില്‍ തീ; അടിയന്തരമായി നിലത്തിറക്കി

ശക്തമായ വൈദ്യുതിഷോക്ക് മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ചത്ത അമ്മക്കരടിക്ക് പത്തുവയസ്സും പെണ്‍കുഞ്ഞിന് മൂന്ന് വയസ്സുമാണ് പ്രായമെന്ന് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ അയ്യപ്പന്‍മലയില്‍ കാറ്റിലും മഴയിലും മരംവീണ് തകര്‍ന്ന വൈദ്യുതത്തൂണ്‍ നന്നാക്കാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരാണ് താഴെ വീണുകിടന്നിരുന്ന ലൈനില്‍ കുരുങ്ങിയനിലയില്‍ കരടികളുടെ ജഡം കണ്ടത്. വെള്ളിയാഴ്ച രാവിലെ വലിയേരി ഭാഗത്തേക്ക് തീറ്റ തേടിയിറങ്ങിയ കരടികളാണ് വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റ് ചത്തത്. നാലുകാലില്‍ നടക്കുന്ന പന്നിക്കരടി വിഭാഗത്തിലുള്ളവയാണ് ഇവ രണ്ടും.

വ്യാഴാഴ്ച രാത്രി കാറ്റിലും മഴയിലും മരംവീണ് വൈദ്യുതക്കാല്‍ തകര്‍ന്ന് ലൈനുകള്‍ താഴെവീണിട്ടും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടാത്തതാണ് കരടികള്‍ക്ക് ഷോക്കേല്‍ക്കാനിടയാക്കിയത്. ഈ ഭാഗത്ത് കാടിനടുത്തുകൂടി വൈദ്യുതി പ്രവഹിപ്പിക്കാന്‍ വലിയ കമ്പികള്‍ ഉപയോഗിച്ചിരുന്നു. ഇതിനാലാണ് തൂണ്‍ ഒടിഞ്ഞ് ലൈനുകള്‍ താഴെവീണിട്ടും വൈദ്യുതപ്രവാഹം തടസ്സമില്ലാതെ തുടര്‍ന്നതെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറയുന്നു.

കരടികള്‍ വൈദ്യുതാഘാതമേറ്റ് ചത്ത സാഹചര്യത്തില്‍ കെ.എസ്.ഇ.ബി. അധികൃതര്‍ക്കെതിരേ കേസെടുക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *