വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ വീട്ടില്‍ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റില്‍. പനവൂര്‍ കരിക്കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീനാണ് അറസ്റ്റിലായത്. പോളിത്തീന്‍ കവറില്‍ നട്ടുവളര്‍ത്തിയ അഞ്ച് കഞ്ചാവ് ചെടികളും കണ്ടെത്തിയിട്ടുണ്ട്.
രണ്ട് മാസമായി ഷെഹീന്‍ ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയല്‍വാസികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ട് അടി ഉയരത്തില്‍ വളര്‍ന്ന ചെടിയാണ് പിടികൂടിയത്. കുറച്ച് നാള്‍ മുമ്പ് ബൈക്കില്‍ കഞ്ചാവുമായി പോകുന്നതിനിടെ ഷെഹീനെ പോലീസ് പിടികൂടിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
രാത്രികാലങ്ങളില്‍ നിരവധി യുവാക്കള്‍ ഷെഹീന്റെ വീട്ടില്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡാന്‍സാഫ് ടീമിനെ കൊണ്ട് രഹസ്യമായി അന്വേഷണം നടത്തുകയും അങ്ങനെയാണ് ഇവിടെ ചെറുപ്പക്കാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി മനസ്സിലാക്കിയത്. തുടര്‍ന്നാണ് നെടുമങ്ങാട് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് ഈ വീട്ടില്‍ പരിശോധന നടത്തിയത്.തുടര്‍ന്ന് എക്‌സൈസ് സംഘമെത്തി കഞ്ചാവ് ചെടി ആണെന്ന് ഉറപ്പു വരുത്തിയ ശേഷം പോലീസ് നടപടി പൂര്‍ത്തിയാക്കി ഷെഹീനെ അറസ്റ്റ് ചെയ്തു.