ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിജയവാഡയിലെത്തിച്ച് പീഡിപ്പിച്ചു ; 21 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: കോലഞ്ചേരിയില്‍ നിന്നും കാണാതായ പതിനഞ്ച് വയസുകാരിയായ അസം സ്വദേശിനിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തി. ഒക്ടോബര്‍ നാലിനാണ് അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി ചന്ദന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ വിജയവാഡയില്‍ നിന്നും പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു.
Also Read ; മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്ന് എം വി ഗോവിന്ദന്‍
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ യുവാവ് വിജയവാഡയില്‍ എത്തിക്കുകയായിരുന്നു. എറണാകുളത്തേക്ക് ബസില്‍ പോയ പെണ്‍കുട്ടി അവിടെ നിന്ന് തനിച്ച് ട്രെയിനില്‍ യാത്ര ചെയ്ത് വിജയവാഡയില്‍ എത്തിച്ചേര്‍ന്നു. യാത്രയില്‍ പെണ്‍കുട്ടി സഹയാത്രക്കാരുടെ മൊബൈലിലാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നത്. യുവാവിന്റെ നിര്‍ദേശ പ്രകാരം ഫോണ്‍ വീട്ടില്‍വച്ചാണ് പെണ്‍കുട്ടി പോയത്. പോലീസ് കണ്ടുപിടിക്കാതിരിക്കാനായിരുന്നു ഇത്. പോലീസ് യുവാവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്.
സബ് ഇന്‍സ്‌പെക്ടര്‍ ജി ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് ടീം, സാഹസികമായി നടത്തിയ ഓപ്പറേഷനിലാണ് പെണ്‍കുട്ടിയെ മോചിപ്പിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. റോഡ് മാര്‍ഗമാണ് പോലീസ് വിജയവാഡയിലെത്തിയത്. വാടക വീട്ടില്‍ വച്ച് യുവാവ് പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. പുത്തന്‍കുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജന്‍, ഇന്‍സ്‌പെക്ടര്‍ കെ.പി ജയപ്രകാശ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജി. ശശിധരന്‍, പീറ്റര്‍പോള്‍ എ.എസ്.ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍ സീനിയര്‍ സി പി ഒ മാരായ പി. ആര്‍ അഖില്‍, കെ. ആര്‍ രാമചന്ദ്രന്‍, എ.എ അജ്മല്‍, ബിജി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..