തൃശൂരില്‍ അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് നെടുപുഴ പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സെലിന്‍ രാത്രിയോടെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കും.
ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപികയായ സെലിന്‍ അഞ്ചുവയസ്സുകാരനെ തല്ലിച്ചതക്കുകയായിരുന്നു. ക്ലാസ് ടീച്ചര്‍ കൂടിയായ സെലിന്‍ കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പോലീസ് കേസെടുത്തെങ്കിലും അധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നില്ല.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്ന് രക്ഷിതാവ് ആരോപിച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു. അധ്യാപിക ഒളിവില്‍ പോയതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നാണ് നെടുപുഴ പോലീസ് വിശദീകരിക്കുന്നത്. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചു.