കോഴിക്കോട് കാറില്‍ നിന്ന് 25 ലക്ഷം കവര്‍ന്ന കേസില്‍ വന്‍ ട്വിസ്റ്റ് ; പൊളിഞ്ഞത് സുഹൈലിന്റെ നാടകം
കോഴിക്കോട്: കോഴിക്കോട് എലത്തൂര്‍ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതിയില്‍ ഒളിഞ്ഞുകിടന്നിരുന്ന നാടകത്തെ പൊളിച്ച് പോലീസ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച് പോലീസിന് സംശയങ്ങളുണ്ടായിരുന്നു. എടിമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന പണം രണ്ടുപേര്‍ ചേര്‍ന്ന് തന്നെ കാറില്‍ കെട്ടിയിട്ട് കവര്‍ന്നുവെന്നായിരുന്നു ഏജന്‍സി ജീവനക്കാരന്‍ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലാം സുഹൈലിന്റെ നാടകമാണെന്നാണ് പോലീസ് പറയുന്നത്.
Also Read ; പെട്രോള്‍ പമ്പ് തുടങ്ങാന്‍ ചിലവ് രണ്ട് കോടി; പ്രശാന്തന്റെ പണ സ്രോതസ്സ് അന്വേഷിക്കാന്‍ ഇ ഡി എത്തും
കേസില്‍ സ്വകാര്യ ഏജന്‍സിയിലെ രണ്ടു ജീവനക്കാരെയും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംശയങ്ങള്‍ തീര്‍ക്കാന്‍ നടത്തിയ അന്വേഷണത്തില്‍ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണ് കവര്‍ച്ചയെന്നാണ് വ്യക്തമാകുന്നത്. സുഹൈലും കൂട്ടുപ്രതിയായ താഹയും മറ്റൊരാളും ചേര്‍ന്നാണ് ഈ നാടകം ആസൂത്രണം ചെയ്തത്. കോലാഹലങ്ങള്‍ അടങ്ങിയാല്‍ പണം സ്വന്തമാക്കാമെന്ന ധാരണയിലായിരുന്നു കവര്‍ച്ച പദ്ധതിയിട്ടത്. താഹയില്‍ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. സുഹൈലിനെ കാറില്‍ കെട്ടിയിട്ട് നാടകം നടത്തിയത് ഇവര്‍ തന്നെയാണെന്നാണ് പോലീസ് പറയുന്നത്. കേസില്‍ സുഹൈലിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
രണ്ട് പേര്‍ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു ഇയാളെ നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാല്‍ വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോര്‍ അടച്ചിട്ടില്ലെന്നുമുള്ള ദൃക്‌സാക്ഷി മൊഴികളും നിര്‍ണായകമായി. കുരുടിമുക്കില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താന്‍ പോലീസിനും സാധിച്ചില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കാറില്‍ രണ്ടുപേര്‍ കയറിയ ഉടനെ തന്നെ മര്‍ദിച്ച് ബോധരഹിതനാക്കി എന്നും ബോധം പോയതിനാല്‍ ഒന്നും ഓര്‍മയില്ലെന്നും കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവര്‍ന്നതെന്നും സൂഹൈല്‍ പറഞ്ഞിരുന്നു . സുഹൈലിന്റെ മൊഴികളില്‍ നിരവധി വൈരുധ്യങ്ങളുണ്ടായിരുന്നു. അപ്പോള്‍ തന്നെ സംഭവം വ്യാജമാണെന്ന നിഗമനത്തിലായിരുന്ന പോലീസ്. 25ലക്ഷം നഷ്ടമായെന്ന് സുഹൈല്‍ പറയുമ്പോള്‍, 75 ലക്ഷം പോയെന്നായിരുന്നു ഏജന്‍സി വ്യക്തമാക്കിയത്. ഈ വൈര്യുദ്ധ്യങ്ങളെല്ലാം ചേര്‍ന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































