ആത്മകഥയുടെ കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം: ഇ പി ജയരാജന്‍
കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. വ്യാജ വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്നും പുസ്തകത്തിന്റെ കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടുമില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡി.സി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും ഞാന്‍ പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്’, ഇ പി ജയരാജന്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
‘ആര്‍ക്കും പ്രസിദ്ധീകരണത്തിനുള്ള അനുമതി നല്‍കിയിട്ടില്ല. ഈ പറയുന്നത് മുഴുവന്‍ അസംബന്ധമാണ്. പുറത്ത് വരുന്ന കാര്യങ്ങള്‍ പുസ്തകത്തിലെഴുതിയിട്ടുള്ളതല്ലെന്നും ഇക്കാര്യങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണിതെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.
‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് ഡി.സി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടെ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. അന്‍വറിന്റെ പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും ഇ പി പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഇ പി ജയരാജന്‍ നിഷേധിച്ചിരിക്കുകയാണ്.