വിഷപ്പുകയില്‍ മുങ്ങി ഡല്‍ഹി; ശ്വാസതടസം അനുഭവപ്പെട്ടേക്കാം, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. എല്ലാവരും തികഞ്ഞ ജാഗ്രതയോടെ ഈ സാഹചര്യത്തെ ഉള്‍ക്കൊള്ളണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനെ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയര്‍ന്നതാണ് പ്രതിസന്ധിയായത്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്. ചൊവ്വാഴ്ച വൈകുന്നേരം വരെ 334 ആയിരുന്ന ഗുണനിലവാരമാണ് പൊടുന്നനെ അതീവ ഗുരുതര വിഭാഗത്തിലേക്ക് മാറിയത്. കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയായി മലിനീകരണം രൂക്ഷമായിത്തന്നെ തുടരുകയുമാണ്.
Also Read; സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍
അതേസമയം, വായുമലിനീകരണ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ അതിരൂക്ഷമായി സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. മലിനീകരണമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഒരു പൗരന് മൗലികാവകാശമുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പടക്കങ്ങള്‍ പൊട്ടിക്കുന്നത് പൗരന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പറഞ്ഞ കോടതി പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ നിലപാട് അറിയിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോടും ഡല്‍ഹി പൊലിസ് കമ്മീഷണറോടും നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, എജി മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു നിര്‍ദ്ദേശം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..