ശബരിമലയിലെത്തുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ നേരെ ദര്‍ശനത്തിന് കയറ്റുന്നത് പരിഗണനയില്‍
ശബരിമല: പതിനെട്ടാംപടി ചവിട്ടിയെത്തുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്തിലേക്ക് കയറ്റി ദര്‍ശനം നല്‍കുന്നത് പരിഗണനയില്‍. നിലവില്‍ പടികയറി വരുന്നവരെ മേല്‍പ്പാലത്തിലൂടെ കയറ്റി ശ്രീകോവിലിന്റെ വടക്കു ഭാഗത്തുകൂടി കൊണ്ടുവന്നാണ് ഇപ്പോള്‍ ദര്‍ശനം അനുവദിക്കുന്നത്. ദര്‍ശനസമയത്ത് ശ്രീകോവിലിന് കുറുകെയാണ് തീര്‍ഥാടകര്‍ നടക്കുക. ഇങ്ങനെയാകുമ്പോള്‍ തിരക്ക് സമയങ്ങളില്‍ മൂന്നു സെക്കന്റ് മാത്രമേ ഒരാള്‍ക്ക് ദര്‍ശനം കിട്ടൂ.ഇതുസംബന്ധിച്ച് ഇതരസംസ്ഥാന തീര്‍ഥാടകരില്‍നിന്നടക്കം ഒട്ടേറെ പരാതികള്‍ ദേവസ്വംബോര്‍ഡിന് നേരിട്ടും ഇ-മെയില്‍ വഴിയും ലഭിച്ചിട്ടുണ്ട്.
ഇതിനുള്ള പരിഹാരമായാണ് പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുന്നത്. ഗുരുവായൂരിലും മറ്റുമുള്ള ഈ മാതൃക സ്വീകരിച്ചാല്‍ കൊടിമരച്ചുവട് മുതല്‍ ശ്രീകോവിലിന് മുന്നിലെത്തുന്നതുവരെ ദീര്‍ഘനേരം ദര്‍ശനത്തിന് അവസരം ലഭിക്കും.
Also Read ; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
പുതിയസംവിധാനം ഏര്‍പ്പെടുത്തുന്നതിന് തന്ത്രിയുടെ അനുമതി വാങ്ങിയശേഷം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വംബോര്‍ഡ്. ഈരീതി പ്രായോഗികമാക്കുമ്പോള്‍ ദര്‍ശനം കഴിഞ്ഞിറങ്ങുന്നവരെ മാളികപ്പുറംവഴി ബെയ്ലി പാലത്തിലൂടെ ചന്ദ്രാനന്ദന്‍ റോഡില്‍ എത്തിക്കാനാണ് പരിപാടി.
ശബരിമല മാസ്റ്റര്‍പ്ലാനില്‍ പറയുന്ന പ്രകാരം സന്നിധാനത്തെ മേല്‍പ്പാലങ്ങള്‍ പൂര്‍ണമായി ഒഴിവാക്കും. ബെയ്ലി പാലത്തിന് പകരം മാളികപ്പുറം മുതല്‍ ചന്ദ്രാനന്ദന്‍ റോഡുവരെ പുതിയ ഉരുക്കുപാലം നിര്‍മിക്കും. 48 കോടിയാണ് ഇതിന്റെ ചെലവ്. ആദ്യഘട്ടം എന്നനിലയില്‍ 10 കോടി രൂപ ഇപ്പോള്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.ഈപാലം വരുന്നതോടെ ബെയ്ലി പാലത്തിലേക്കുള്ള കുത്തനെയുള്ള കയറ്റവും ഇറക്കവും ഒഴിവാക്കാന്‍ സാധിക്കും.ഈ തീര്‍ഥാടനകാലം കഴിഞ്ഞാലുടന്‍ വിശദമായ ചര്‍കള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം പുതിയ ദര്‍ശനരീതി സംബന്ധിച്ച നടപടികളിലേക്ക് കടക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..