ഏതു ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് അപഹസിക്കാനുള്ളതല്ല എന്റെ ജിവിതം; പരാതി നല്‍കി ടി. സിദ്ദിഖിന്റെ ഭാര്യ
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി ടി. സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുനീസ. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സിദ്ദിഖും ഷറഫുനീസയും മകനും ഇരിക്കുന്ന ഫോട്ടോ മോശമായി ചിത്രീകരിച്ചതിനെതിരെ കോഴിക്കോട് പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. ശശികല റഹീം, കെ.കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകള്‍ക്ക് എതിരെയാണ് പരാതി. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിക്കുന്നുവെന്ന കാര്യം ഷറഫുനീസ പറഞ്ഞത്.
Also Read: മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അന്വേഷണത്തിന് കെപിസിസി നേതൃത്വം
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
”ഞാനും എന്റെ കുടുംബവും ഏതു രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്?. വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തില്‍ മാത്രം സംഭവിച്ച കാര്യമാണോ ? യോജിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണോ ? ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലേ ? പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങള്‍ ചോദിക്കാതെ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. ഏതു ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്തു നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങള്‍ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങള്‍ എനിക്കെതിരെ പ്രയോഗിക്കുന്നത്” ഷറഫുനീസ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































