December 20, 2025
#kerala #Top Four

‘കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു; അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നും മായാതെ നില്‍ക്കും’

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാട്. ചലച്ചിത്രത്തിന്റെ എല്ലാ രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചത് എന്നും അദ്ദേഹം കുറിച്ചു.

‘അഭിനയത്തില്‍ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസന്‍’: സജി ചെറിയാന്‍

മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ അധികമില്ല.
താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസന്‍ പ്രയത്നിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസന്‍.അദ്ദേഹത്തിന്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കും.

എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നതും നര്‍മ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സില്‍ സ്ഥാനം ഉറപ്പിച്ചതും ഓര്‍മിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസന്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്.കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചുവളര്‍ന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തില്‍ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണ് എന്ന് മുഖ്യമന്ത്രി അനുശോചിച്ചു.

Leave a comment

Your email address will not be published. Required fields are marked *