ആഹാരത്തില്‍ ചില മാറ്റം വരുത്താം, കുട്ടികളുടെ ബുദ്ധി വര്‍ദ്ധിപ്പിക്കാം
കുട്ടികളുടെ ബുദ്ധിവികാസത്തിന് നമ്മള്‍ കൊടുക്കുന്ന ആഹാരക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. ചെറുപ്പം മുതല്‍ ഇവ കെടുക്കുന്നത് നല്ല ബുദ്ധിയും ഓര്‍മ്മശക്തിയും കുട്ടികളില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ചെറുപ്പം മുതല്‍ നല്ല ആഹാരങ്ങള്‍ കുട്ടികള്‍ക്ക് കൃത്യമായി നല്‍കിയാല്‍ മാത്രമാണ് നല്ല ബുദ്ധിവികാസം കുട്ടികളില്‍ ഉണ്ടാവുകയുള്ളൂ. പലപ്പോഴും നമ്മള്‍ കുട്ടികള്‍ക്ക് നല്ലപോഷക സമൃദ്ധമായ ആഹാരങ്ങള്‍ നല്‍കാന്‍ മറന്ന് പോവുകയാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തില്‍ കുട്ടികള്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിക്കാന്‍ മടികാണിക്കുകയാണ്. കൂടുതലും വറവ് പലഹാരങ്ങളിലേയ്ക്ക് അവരുടെ ആഹാരരീതി ചുരുങ്ങുന്നു. ഇത്തരം പ്രവണതകളില്‍ നിന്നും മാറ്റി, കുട്ടികള്‍ക്ക് നല്ല ബുദ്ധിയും ഒര്‍മ്മ ശക്തിയും ലഭിക്കാന്‍ സഹായിക്കുന്ന ഈ ആഹാരങ്ങള്‍ നല്‍കി ശീലിപ്പിക്കാം.
നാടന്‍ ഇലക്കറികള്‍
നമ്മള്‍ താളും ചേമ്പിന്റെ ഇല, മുരിങ്ങ ഇല,നല്ല ചീര എന്നിവയെല്ലാം തന്നെ പലത്തരത്തിലുള്ള കറികള്‍ തയ്യാറാക്കിയും കഴിക്കാറുണ്ട്. ഇത്തരം ഇല കറികള്‍ കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് വളരെയധികം സഹായിക്കും. മുരിങ്ങയിലയിലും ചീരയിലയിലും നല്ലപോലെ ആന്റിഓക്സിഡന്റസും അതുപോലെ വിറ്റമിന്‍ എ, വിറ്റമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയും അതുപോലെ വിറ്റാമിന്‍ ബി വിഭാഗത്തില്‍ പെടുന്ന നിരവധി വിറ്റാമിന്‍സും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ബുദ്ധിവികാസത്തിന് സഹായിക്കുന്നവയാണ്. അതുപോലെ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. തലച്ചോറിലെ ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത്തരം നാടന്‍ ഇലകള്‍ സഹായിക്കും. അതുപോലെ തന്നെ ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ തലച്ചോറിനെ ക്ഷതം ഏല്‍ക്കാതെ സംരക്ഷിക്കാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്.
മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞയില്‍ കോലീന്‍ അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പോഷകമാണ്. ബുദ്ധിവാകസത്തിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാക്കാന്‍ സത്യത്തില്‍ ഒമേഗ- 3 ഫാറ്റി ആസിഡ് നിര്‍ബന്ധമാണ്.
ഇത് കൂടാതെ, വിറ്റമിന്‍ ബി12 ഇതില്‍ അടങ്ങിയിരിക്കുന്നു. ബി 12 ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. അതുപോലെ ബലഡ് സെല്‍സ് ഉണ്ടാകാനും വിറ്റമിന്‍ ബി 12 സഹായിക്കുന്നുണ്ട്. ബി 12 കൂടാതെ, നല്ലപോലെ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്.
അതിനാല്‍, കുട്ടികള്‍ക്ക് ഒരു ദിവസം രണ്ട് അല്ലെങ്കില്‍ ഒരു മുട്ട വീതം പുഴുങ്ങി കൊടുക്കുന്നത് നല്ലതാണ്. മുട്ട പുഴുങ്ങുമ്പോള്‍ 9 മിനിറ്റില്‍ കൂടുതല്‍ പുഴുങ്ങരുത്. അമിതമായി വേവിക്കുന്നത് മുട്ടയിലെ പോഷകങ്ങള്‍ നശിക്കാന്‍ കാരണമാകുന്നു.
പാല്‍
ഒരു ഗ്ലാസ് പാല്‍ സ്ഥിരമായി കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.
പാല്‍ പതിവാക്കുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് ലാക്ടോസ് ഇന്‍ടോളറന്‍സ് ഇല്ല എന്ന് ഉറപ്പ് വരുത്തണം. ഇത്തരം ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജി അല്ലെങ്കില്‍ പാല്‍ കുടിച്ചതിന് ശേഷം വയര്‍ ചീര്‍ക്കുക എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. ലാക്ടോസ് ഇന്‍ടോളറന്‍സ് ഇല്ലാത്ത കുട്ടികള്‍ക്ക് പാല്‍ ദിവസേന നല്‍കുന്നത് ബുദ്ധിവികാസത്തിന് വളരെയധികം സഹായിക്കും. പാലില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന് നല്ലതാണ്. അതുപോലെ തന്നെ വിറ്റമിന്‍ ഡി, വിറ്റമിന്‍ ബി 12, വിറ്റമിന്‍ ബി 2, കോലീന്‍ എന്നിവയെല്ലാം പാലിലും അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ പാലും പാല്‍ ഉല്‍പന്നങ്ങളും കുട്ടികള്‍ക്ക് നല്ലതാണ്.
മത്സ്യം
ബുദ്ധിവികാസത്തിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ഒമേഗ-3 ഫാറ്റി ആസിഡ്. ഇത് തലച്ചോ
റിലെ കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട് ആതുപോലെ തന്നെ ഒരു കാര്യം കൃത്യമായി തിരിച്ചറിയുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഒരാളുടെ കഴിവ് വികസിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഓര്‍മ്മശക്തി നിലനിര്‍ത്താനും അതുപോലെ തന്നെ എന്നും തലച്ചോര്‍ നല്ല ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. അയേണ്‍, വിറ്റാമിന്‍ ബി എന്നിവയെല്ലാം മത്സ്യത്തില്‍ അടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് നല്ല മത്തി കറിവെച്ച് കൊടുക്കാവുന്നതാണ്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു.
ഓട്സ്
കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്‍കാവുന്ന മറ്റൊരു ആഹാരമാണ് ഓട്‌സ്. ഓട്‌സ് രാവിലെ നല്‍കരുത്. കാരണം, നമ്മളില്‍ അമിതമായി ക്ഷീണം ഉണ്ടാക്കാന്‍ ഇത് കാരണമാണ്. പകരം, വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് ഓട്‌സ് നല്‍കാവുന്നതാണ്. ഓട്‌സില്‍ ധാരാളം ഫൈബര്‍ അതുപോലെ തന്നെ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന് നല്ലതാണ്.
കൂടാതെ, വിറ്റമിന്‍ ബി, അയേണ്‍, ആന്റിഓക്‌സിഡന്റ്‌സ് എന്നിവയെല്ലാം ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇതും ബുദ്ധിവികാസത്തിന് സഹായിക്കുന്നു. അതിനാല്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സ്മൂത്തി തയ്യാറാക്കിയും അല്ലെങ്കില്‍ ഉപ്പുമാവ്, പുട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തയ്യാറാക്കിയും കൊടുക്കാവുന്നതാണ്.