മഴ ശക്തമാകുന്നു, കൂടുതൽ ജാഗ്രത വേണം; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാല്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ശക്തികൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപത്താണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ കനക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.