‘നടുവൊടിഞ്ഞു നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു’; വികസനം മരവിച്ചെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം വികസനം മരവിച്ച അവസ്ഥയാണ് സംസ്ഥാനത്തുളളതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെ ബ്രാന്‍ഡ് ചെയ്യുന്നതില്‍ കുഴപ്പമില്ല. പക്ഷെ അത് മാത്രം മതിയോ, സാധാരണക്കാര്‍ അസംതൃപ്തരാകുമ്പോള്‍ എങ്ങനെയാണ് ബ്രാന്‍ഡ് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. നടുവൊടിഞ്ഞു നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നേടി എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. സര്‍ക്കാര്‍ നേട്ടങ്ങളുമായി ഇറങ്ങുമ്പോള്‍ കോട്ടങ്ങള്‍ ആണ് കൂടുതലുളളത്. ലീഗ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. നവകേരള സദസിന് ബദലായി യുഡിഎഫ് വിചാരണ സദസ് നടത്തും. മുന്‍ നിര നേതാക്കള്‍ തന്നെ പങ്കെടുത്താണ് വിചാരണ സദസ് സംഘടിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.