വനിതാ ഡോക്ടറുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരനെതിരെ കുടുംബം
തിരുവനന്തപുരം: സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ യുവ വനിതാ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിശ്രുത വരന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമായിരുന്നു അവര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത്രയും കിട്ടിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഷഹ്നയുടെ ഇഷ്ടം കണക്കിലെടുത്ത് 50 പവന്‍, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു. കൊടുക്കാന്‍ പറ്റുന്ന അത്രയും കൊടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും വിവാഹം നടത്താന്‍ തയാറായില്ല. വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തത് ഷഹ്നയെ മാനസികമായി തകര്‍ത്തുവെന്നും കുടുംബം പറയുന്നു.
സര്‍ജറി വിഭാഗത്തില്‍ രണ്ടാംവര്‍ഷ പി.ജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗര്‍ നാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകള്‍ ഇരുപത്തേഴുകാരി ഷഹ്നയെ കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സര്‍ജറി ഐ.സി.യുവില്‍ ഷഹ്നയ്ക്ക് നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നെങ്കിലും എത്തിയില്ല. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫ്‌ലാറ്റിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് അബോധാവസ്ഥയിലായിരുന്നു ഷഹ്നയെ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.അനസ്‌തേഷ്യ മരുന്ന് വീര്യംകൂടിയ അളവില്‍ കുത്തിവച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പിനൊപ്പം മരുന്നുകുപ്പിയും സിറിഞ്ചും പൊലീസ് കണ്ടെത്തിയിരുന്നു.
Also Read; സര്‍ക്കാര്‍ ജോലി വാഗദാനം ചെയ്ത് പണം തട്ടിപ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ബന്ധുക്കളുടെ ആരോപണം സാധൂകരിക്കുന്ന വാക്കുകള്‍ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലും ഉണ്ടായിരുന്നു. ‘വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നല്‍കാന്‍ എനിക്കാരുമില്ല. സ്‌നേഹബന്ധത്തിന് ഈ ഭൂമിയില്‍ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം’- എന്നായിരുന്നു ഷഹ്നയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെ ആരോപണവും ഷഹ്നയുടെ മൊബൈല്‍ ഫോണും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.