അടുത്ത അമേരിക്കന്‍ പ്രസിഡന്റ് മലയാളിയോ, ആരാണീ വിവേക് രാമസ്വാമി?

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കഴിഞ്ഞ ചില ദിവസങ്ങളായി നിറഞ്ഞുനില്‍ക്കുന്ന വിവേക് രാമസ്വാമി ആരാണെന്നറിയാനുള്ള ആകാംഷയിലാണ് ഇന്ത്യക്കാര്‍. അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ വംശജനാണ് വിവേക്. ഇയാള്‍ മലയാളി കൂടിയാണെന്നത് കേരളീയര്‍ക്കെല്ലാം അഭിമാനകരമായ കാര്യമാണ്.
ആദ്യത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് ശേഷം ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനായ വിവേക് രാമസ്വാമിയുടെ ജനപ്രീതി റേറ്റിംഗില്‍ വന്‍ ഉയര്‍ച്ചയാണുണ്ടായത്. കൂടാതെ ഓണ്‍ലൈന്‍ ധനസമാഹരണത്തിലും വിവേക് നേട്ടമുണ്ടാക്കി. സംവാദത്തിന് ശേഷം ആദ്യ മണിക്കൂറില്‍ തന്നെ 4,50,000 ഡോളറിലധികം സംഭാവന നേടാന്‍ വിവേകിന് സാധിച്ചു എന്നത് ചില്ലറ കാര്യമല്ല.
രാമസ്വാമിയുടെ പ്രധാന എതിരാളികളായ മുന്‍ ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹേലി എന്നിവര്‍ ചര്‍ച്ചയിലുടനീളം അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചെങ്കിലും ജനപ്രീതി നേടാനായില്ല. ഡിബേറ്റിന് ശേഷമുള്ള പ്രാഥമിക വോട്ടെടുപ്പില്‍, 504 പേരില്‍ 28 ശതമാനം പേരും രാമസ്വാമിയുടെ പ്രകടനമാണ് ഏറ്റവും മികച്ചതെന്ന് അഭിപ്രായപ്പെട്ടു. 27 ശതമാനം വോട്ട് നേടിയ ഫ്ലോറിഡയിലെ റോണ്‍ ഡിസാന്റിസും 13 ശതമാനം വോട്ട് നേടിയ മൈക്ക് പെന്‍സും ഒട്ടും പിന്നിലല്ല. ഏഴ് ശതമാനം പേര്‍ ഹേലിയെ പിന്തുണച്ചു.
ആദ്യത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെര്‍ച്ചുകള്‍ ലഭിച്ചത് രാമസ്വാമിക്കാണ്. മറ്റൊരു ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഹേലിയും ഒപ്പമുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ അഭാവത്തില്‍ റിപ്പബ്ലിക്കന്‍ ഡിബേറ്റുകള്‍ നയിക്കുന്നത് വിവേകാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.
2024ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ്. പാര്‍ട്ടിക്കാര്‍ക്കിടയില്‍ നിലവില്‍ 53% പിന്തുണയുള്ള ട്രംപിന്റെ മുഖ്യഎതിരാളിയായിരിക്കും വിവേക് എന്നാണ് വിലയിരുത്തല്‍.
പാലക്കാടുനിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഓഹിയോയിലെ സിന്‍സിനാറ്റിക്കാരനായ വിവേകിന്റെ മുന്‍ തലമുറക്കാര്‍. എഴുപതുകളില്‍ കോഴിക്കോട് എന്‍ഐടിയില്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് അമേരിക്കയിലേക്ക് കുടിയേറിയ പാലക്കാട് വടക്കഞ്ചേരി അഗ്രഹാരത്തിലെ വി.ജി. രാമസ്വാമിയുടേയും മൈസൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നു പാസായ ഗീതയുടേയും മകനാണ് വിവേക് ഗണപതി രാമസ്വാമി.
ഹാര്‍വഡ് കോളജില്‍ നിന്ന് ബയോളജിയില്‍ ബിരുദവും യേല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റും നേടി. സംരഭകന്‍ എന്ന നിലയില്‍ വിവേക് പ്രശസ്തനാണ്. ഇതുവഴി കോടികളുടെ സമ്പാദ്യവുമുണ്ടാക്കിയിട്ടുണ്ട്
ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന്റെ സഹ ഉടമസ്ഥനായി. പിന്നീട് റോയവെന്റ് സയന്‍സസ് എന്ന ബയോടെക് കമ്പനി സ്ഥാപിച്ചു. 2022 ല്‍ സ്ട്രൈവ് അസെറ്റ് മാനേജ്മെന്റെ എന്ന നിക്ഷേപ സ്ഥാപനത്തിനു തുടക്കമിട്ടു. മികച്ച പ്രാസംഗികനായ വിവേക് വലതുപക്ഷ സൈദ്ധാന്തികനായാണ് അറിയപ്പെടുന്നത്. എതിരാളികള്‍ ആരായാലും തന്റെ വാക്ചാതുരികൊണ്ട് കീഴടക്കാനുള്ള കഴിവ് വിവേകിനെ വ്യത്യസ്തനാക്കുന്നു.
ഭാവിയിലെ അമേരിക്ക എങ്ങിനെയാകണമെന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് വിവേക്. ക്ലൈമറ്റിസം, കോവിഡിസം, ഗ്ലോബലിസം, യുക്രെയ്ന്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം വിവേക് ഇതിനകം തന്നെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു കാലാവധി നിശ്ചയിക്കാനും ഉദ്യോഗസ്ഥരുടെ എണ്ണം നാലിലൊന്നായി കുറയ്ക്കാനും വിവേകിന് പദ്ധതിയുണ്ട്. വിവേകിന്റെ ഈ രീതിയിലുള്ള പല വിഭാവനങ്ങളും കൈയ്യടി നേടിക്കഴിഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കവെ ട്രംപിനെ കടത്തിവെട്ടാന്‍ വിവേകിന് സാധിച്ചാല്‍ ബ്രിട്ടന് പിന്നാലെ ലോക ശക്തിയായ അമേരിക്കയ്ക്കും ഇന്ത്യന്‍ വംശജനായ പ്രസിഡന്റ് ഉണ്ടായേക്കും. അത് മലയാളികൂടിയാണെങ്കില്‍ കേരളീയര്‍ക്ക് ഇരട്ടിമധുരമാകും.