January 22, 2025
#life #Top Four

യുട്യൂബില്‍ ട്രെന്‍ഡിങ്ങായ പേളി മാണിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഹേറ്റേര്‍സ് ഇല്ലാത്ത താരം എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മനസ്സില്‍ വരുന്ന ഒരാളാണ് പേളി മാണി.  ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകയായ് രംഗപ്രവേശം നടത്തിയ പേളി തന്റെ തനത് ശൈലിയിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു. പിന്നീട് ബൈക്കര്‍ ഗേള്‍ ആയിട്ടാണ് കേരളം പേളിയെ ഏറ്റെടുത്തത്. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ വണ്ണിലൂടെ ലോകമെമ്പാടുമുള്ള  പ്രേക്ഷകരുടെ സ്വീകരണമുറിയിലൂടെ അവരുടെ ഹൃദയത്തിലേക്കാണ് പേളി ഇടിച്ചു കയറിയത്.

ബിഗ്‌ബോസ് സീസണ്‍ 1 ന്റെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി. ബിഗ്‌ബോസിലൂടെ സഹമത്സരാര്‍ഥിയായ ശ്രീനിഷ് അരവിന്ദുമായുള്ള പേളിയുടെ പ്രണയവും, ഇവരുടെ വിവാഹവും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. പേളിയും മകള്‍ നിലയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

അവതാരക, നടി, ഗായിക, ഗാനരചയിതാവ്, വ്‌ളോഗര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ പേളി കഴിവ് തെളിയിച്ചിട്ടുണ്ട്. സൂപ്പര്‍ ബൈക്കുകളുടെ ആരാധികയായ പേളി നല്ലൊരു ബൈക്ക് റൈഡര്‍ കൂടിയാണ്.

മലയാളത്തില്‍ ഒട്ടനവധി അവതാരകര്‍ ഉണ്ടെങ്കിലും പേളിക്ക് കിട്ടുന്ന സ്വീകാര്യത മറ്റാര്‍ക്കും കിട്ടുന്നില്ല എന്നുവേണം പറയാന്‍. നര്‍മം ചാലിച്ച അവതരണ രീതിയാണ് പേളിയെ മറ്റ് അവതാരകരില്‍ നിന്ന് യുണീക് ആക്കുന്നത്. പേളി ഉള്ള ഫ്ലോറുകള്‍ പോസിറ്റിവിറ്റി നിറഞ്ഞു നില്‍ക്കും. തന്റെ യൂട്യൂബ് ചാനലില്‍ പേളി സജീവമാകുന്നത് കോവിഡിന്റെ വരവോടുകൂടിയായിരുന്നു. 2.61 മില്ല്യണ്‍ സബ്സ്‌ക്രൈബേര്‍സ് ആണ് നിലവില്‍ പേളിക്ക് ഉള്ളത്. പേളി മാണി ഷോ എന്ന യുട്യൂബ് ചാനലിനൊപ്പം തന്നെ പേളി മാണി ഷോര്‍ട്‌സ്, പേളി മാണി ടെക്‌നിക് എന്നീ സബ് ചാനലുകളും പേളിക്കുണ്ട്.

മിനിസ്‌ക്രീനില്‍ മാത്രം അല്ല പേളി താരം, ബിഗ് സ്‌ക്രീനില്‍ ബോളിവുഡ് വരെ കൈയ്യടക്കി കഴിഞ്ഞിരിക്കുന്നു പേളി. 2013 ല്‍ പുറത്തിറങ്ങിയ ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രമായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയാണ് റിലീസ് ആയ പേളിയുടെ ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും പേളി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2022 ല്‍ പുറത്തിറങ്ങിയ വലിമൈ ആണ് താരത്തിന്റെ അവസാന ചിത്രം. അഭിഷേക് ബച്ചന്‍, പങ്കജ് ത്രിപാതി തുടങ്ങിയ വന്‍ താര നിര അണിനിരന്ന ലുഡോയിലൂടെ ബോളിവുഡിലും പേളി തന്റെ പ്രസരിപ്പ് പ്രകടിപ്പിച്ചു. പത്ത് വര്‍ഷത്തിനിടെ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നിരവധി സിനിമകളില്‍ പേളി അഭിനയിച്ചിട്ടുണ്ട്.

പേളി മാണി കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ആദായന നികുതി റെയ്ഡിന്റെ പേരിലാണ്. പേളി ഉള്‍പ്പെടെയുള്ള കേരളത്തിലെ ഒമ്പത് ടോപ്പ് വ്ലോഗര്‍മാരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ആദായ നികുതി റെയ്ഡ് മിന്നല്‍ റെയ്ഡ് നടത്തിയത്. കോടികളുടെ വാര്‍ഷിക വരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടന്നത്. കൂട്ടത്തില്‍ ഏറ്റവും പ്രശസ്തയായ യൂട്യൂബര്‍ പേളിയാണ്. പലര്‍ക്കും ഓഫീസുകള്‍ ഇല്ലാത്തതിനാല്‍ അവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. സാമ്പത്തിക ഇടപാടിന്റെ രേഖകളാണ് പരിശോധിച്ചത്. പലര്‍ക്കും ഒന്ന് മുതല്‍ രണ്ട് കോടി രൂപ വരെ യൂട്യൂബ് വഴി വാര്‍ഷിക വരുമാനമുണ്ട്. ആദ്യമായാണ് സംസ്ഥാനത്തു യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നത്.

കൊച്ചിയിലെ ചൊവ്വരയാണ് പേളിമാണിയുടെ സ്വദേശം. അച്ഛന്‍ പോള്‍ മാണി, അമ്മ മോളി മാണി. സഹോദരി റേച്ചല്‍.

Leave a comment

Your email address will not be published. Required fields are marked *