September 7, 2024
#Top Four #Top News

നിപ ബാധിച്ച രണ്ട് പേരും നെഗറ്റീവ്, ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിടും. മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പത് വയസുള്ള മകനും മാതൃസഹോദരനും നിപ നെഗറ്റീവായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസ്സുകാരന്‍ നിപയെ അതിജീവിച്ചത് ആരോഗ്യവകുപ്പിന് വലിയ ആശ്വാസമാണ്. പ്രോട്ടോകോള്‍ പ്രകാരമുളള രണ്ട് റിസള്‍ട്ടുകളും നെഗറ്റീവായതോടെയാണ് ഇവര്‍ ആശുപത്രി വിടുന്നത്.

ഇതിനിടെ പരിശോധനക്കയച്ച വവ്വാല്‍ സാമ്പിളുകളില്‍ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ വവ്വാല്‍ ഉള്‍പ്പെടെ വിവിധ ജീവികളുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരുന്നു. ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്കയച്ച 42 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവായി. സെപ്തംബര്‍ 21നാണ് നിപ ബാധിത മേഖലകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചത്. 2018ലേയും 2021ലേയും പോലെ ഇത്തവണയും മനുഷ്യരില്‍ പ്രവേശിച്ചത് ഒരേ വകഭേദത്തിലുള്ള നിപ വൈറസ് തന്നെയാണെന്ന് കേന്ദ്രസംഘം സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോട് രണ്ട് പേരാണ് നിപ ബാധിച്ച് മരിച്ചിരുന്നു. മരിച്ചവരുടെ രോഗലക്ഷണങ്ങളില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് നിപ ബാധ വീണ്ടും സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന നാല് പേര്‍ക്കും നിപ സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ രണ്ടു പേര്‍ നെഗറ്റീവ് ആയിരുന്നു. ചികിത്സയിലുണ്ടായിരുന്ന അവസാന ആളുകളും ആശുപത്രി വിടുന്നതോടെ സംസ്ഥാനത്ത് ഇപ്പോള്‍ നിപ ബാധിതര്‍ ഇല്ല.

 

Leave a comment

Your email address will not be published. Required fields are marked *