September 7, 2024
#Sports

ബ്ലാസ്‌റ്റേഴ്‌സിനെ പൂട്ടാനെത്തിയ ജംഷഡ്പൂരിന് എട്ടിന്റെ പണി, പൊളിച്ചടുക്കി ഫ്രാങ്ക് ഡ്യുവന്‍

ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്കു മുന്നില്‍ കേരള ബ്ലാസേറ്റേഴ്‌സിനെ പൂട്ടാമെന്ന മോഹവുമായെത്തിയ ജെംഷഡ്പൂര്‍ എഫ്‌സിക്ക് കിട്ടിയത് എട്ടിന്റെ പണി. ബ്ലാസ്റ്റേഴ്‌സിനെതിരെ പ്രതിരോധത്തിലൂന്നിക്കളിച്ച് സമനില പോയന്റുമായി മടങ്ങാമെന്ന് പ്രതീക്ഷിച്ച ജെംഷഡ്പൂര്‍ ഒരു ഗോളിന് നൈസായി തോറ്റു.

യൂറോപ്യന്‍ ഫുട്‌ബോളില്‍ പരീക്ഷിച്ച് വിജയിച്ച പ്രതിരോധവും പ്രത്യാക്രമണവുമെന്ന രീതിയില്‍ ഫോര്‍മേഷനൊരുക്കിയാണ് ജംഷഡ്പുര്‍ എഫ്‌സി മുഖ്യ പരിശീലകന്‍ സ്‌കോട്ട് ജോസഫ് തന്റെ കുട്ടികളെ കൊച്ചിയിലിറക്കിയത്. ആദ്യ മത്സരത്തില്‍ ബെംഗളുരു എഫ്‌സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം കണ്ട സ്‌കോട്ട് ജോസഫിന് രണ്ടാംപകുതിയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു.

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനെ വരുതിയില്‍ നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡ്യുവന്റെ മറുതന്ത്രത്തിന് മുന്നില്‍ ജെംഷഡ്പൂരിന്റെ കോട്ട തകരുകയായിരുന്നു. ആക്രമണ ഫുട്‌ബോളിന്റെ ഫോര്‍മേഷനുമായി കളിക്കിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയുടെ അവസാനം മത്സരം തങ്ങളുടെ വരുതിയിലാക്കി.

കളി വിരസമായ സമനിലയിലേക്ക് പോകുമെന്ന് കണ്ട ഫ്രാങ്ക് ഡ്യുവന്‍ തന്റെ രണ്ട് വജ്രായുധങ്ങള്‍ ഉപയോഗിച്ചാണ് ജെംഷഡ്പൂരിന്റെ തന്ത്രങ്ങള്‍ പൊളിച്ചത്. എതിരാളികള്‍ തങ്ങളുടെ കളിക്കാരെ വരിഞ്ഞുകെട്ടുകയാണെന്ന് മനസിലാക്കി ഡ്യൂവന്‍ വിങ്ങിലൂടെ ഓടിക്കയറുന്ന അയ്മനെ മാറ്റി മൈതാനം നിറഞ്ഞു കിക്കുന്ന യുവതാരം വിബിന്‍ മോഹനെയും മധ്യനിരയിലും സ്‌ട്രൈക്കര്‍ പപ്റയ്ക്ക് പകരം മധ്യനിരയില്‍ നിന്നും കളിമെനയാന്‍ മിടുക്കുന്ന ദിമിത്രി ഡയമെന്റക്കോസിനയും ഇറക്കിവിട്ടതാണ് കളി തിരിച്ചത്.

ഇരുവരും മൈതാനത്തിറങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിക്ക് വേഗവും താളവും കൈവന്നു. എതിരാളികളെ കബളിപ്പിച്ച് പലതവണ ബോക്‌സില്‍ പന്തുകളെത്തി. കഴിഞ്ഞ സീസണില്‍ ഒരുമിച്ചുണ്ടായിരുന്ന ഡയമെന്റക്കോസുമായി നന്നായി ഇണക്കമുള്ള അഡ്രിയാന്‍ ലൂണയും കൂടുതല്‍ ആക്രമണം നടത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

കോച്ചിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് കളിക്കളത്തില്‍ പ്രകടനം നടത്തിയ ദിമിയും വിബിനും എതിരാളികള്‍ക്ക് കടുത്ത ആശയക്കുഴപ്പമുണ്ടാക്കി. ഇരുവര്‍ക്കുമിടയിലൂടെ ലൂണയും കയറിയിറങ്ങിയതോടെ ഏതുനിമിഷവും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടുമെന്ന പ്രതീതി സൃഷ്ടിച്ചു. ലൂണയും വിബിനും ദിമിത്രിയും തന്നെയാണ് ഗോളിന്റെ ശില്‍പികളും.

അച്ചടക്ക നടപടിയെത്തുടര്‍ന്ന് മൈതാനത്തിറങ്ങാന്‍ കഴിയാത്ത പരിശീലകന്‍ ഇവാന്‍ വികോമാനോവിച്ചിന്റെ അസാന്നിധ്യം ഒട്ടുമറിയിക്കാതെയാണ് സഹപരിശീലകന്‍ ഫ്രാങ്ക് ഡ്യുവന്‍ കളിക്കാരെ നിയന്ത്രിച്ചത്. കളിയെ അതിവേഗം വിലയിരുത്തുകയും അവസാന മിനിറ്റുകളിലെ സമ്മര്‍ദ്ദം മറികടക്കാനുള്ള തന്ത്രം മെനയുകയും ചെയ്ത ഡ്യുവന്‍ തുടര്‍ച്ചയായ രണ്ടു കളികളിലും ആരാധകരെ നിരാശപ്പെടുത്തിയില്ല.

 

 

Leave a comment

Your email address will not be published. Required fields are marked *