യെമനിലേക്കു പോവണം: നിമിഷപ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ സനയിലെ ജയിലില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകണമെന്ന ആവശ്യവുമായി അമ്മ പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയില്‍.
പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും യെമന്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണ് പുതിയ ഹര്‍ജി. നാളെ ഹര്‍ജി പരിഗണിച്ചേക്കും. ശരിഅത്ത് നിയമ പ്രകാരം മാത്രമേ മോചനം ലഭിക്കൂ എന്ന സാഹചര്യത്തില്‍ ചര്‍ച്ചക്കായി യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് പ്രേമകുമാരിയുടെ ഹര്‍ജിയില്‍ പറയുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ശരിഅത്ത് നിയമ പ്രകാരമുളള ബ്ലഡ് മണി തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളു. തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്. ഇതിനായാണ് നിമിഷ പ്രിയയുടെ അമ്മ കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Also Read; ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം തീരുമാനിച്ച് സര്‍ക്കാര്‍
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നതാണ് കേസ്. 2017 ജൂലൈ 25നാണ് തലാല്‍ കൊല്ലപ്പെട്ടത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷയുടെ വാദം. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവെച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്.