സെഞ്ച്വറിയടിച്ച് ഉള്ളി വില
കൊച്ചി: സംസ്ഥാനത്ത് ചെറുകിട മാര്‍ക്കറ്റുകളില്‍ ഉള്ളി വില വര്‍ധിക്കുന്നു. പല ജില്ലകളിലും ചെറിയുള്ളി കിലോയ്ക്ക് 100 രൂപ കടന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില 100 കടക്കാന്‍ ഇടയാക്കിയത് മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ്. 120 രൂപ വരെ ഈടാക്കിയാണ് ചെറുകിട കച്ചവടക്കാര്‍ ഉള്ളി വില്‍ക്കുന്നത്. ചെറിയുള്ളിയുടെ വില ഉയരുന്നതോടെ സവാളവിലയും ഉയരാനുള്ള ലക്ഷണമാണ് കാണുന്നത്.
നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്ട്രയില്‍ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉള്ളി കൃഷി ചെയ്തിരുന്ന മേഖലകളിലെ കനത്ത മഴമൂലം ഉള്ളിക്ക് നാശം വിതച്ചതും വിലവര്‍ധനവിന്റെ കാരണങ്ങളില്‍ ഒന്നാണ്. നവരാത്രി ആഘോഷങ്ങള്‍ അവസാനിക്കുന്നത്‌വരെ വില കുറയാന്‍ സാധ്യത ഇല്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
അതേസമയം ഉള്ളി നേരത്തെ സംഭരിച്ചു വച്ചിരിക്കുന്ന ചില വന്‍കിട കച്ചവടക്കാര്‍ വിപണിയില്‍ സാധനം നല്‍കാതെ പൂഴ്ത്തിവെച്ച് വില വര്‍ധനവിന് സാഹചര്യം സൃഷ്ടിക്കുന്നുവെന്നും കച്ചവടക്കാര്‍ പറയുന്നു. മൊത്ത കച്ചവടക്കാരുടെ ഗോഡൗണുകളില്‍ കൃത്യമായ പരിശോധന നടത്തിയാല്‍ നിലവിലെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട് എന്നും കച്ചവടക്കാര്‍ പറയുന്നു. പച്ചക്കറി വിലയില്‍ കുറവ് അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഉള്ളി വില കുതിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Also Read; യെമനിലേക്കു പോവണം: നിമിഷപ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































