January 22, 2025
#Top News

റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന് എംവിഡി

തിരുവനന്തപുരം: അപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചവരെയോ ആശുപത്രിയില്‍ എത്തിച്ചവരെയോ കൂടുതല്‍ സമയം അവിടെ നില്‍ക്കണമെന്ന് ആശുപത്രി ജീവനക്കാരോ പോലീസോ നിര്‍ബന്ധിക്കാന്‍ പാടില്ല. അവര്‍ക്ക് സ്വമേധയാ താല്‍പര്യമില്ലാത്ത പക്ഷം സാക്ഷിയാക്കാനോ, പേരുവിവരങ്ങള്‍ രേഖപ്പെടുത്താനോ പോലീസ് നിര്‍ബന്ധിക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

എംവിഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ആരാണ് Good samaritan ( നല്ല ശമര്യക്കാരന്‍ )

റോഡപകടങ്ങളില്‍ പെടുന്നവരെ സ്വമേധയാ ലാഭേച്ഛയോ, പ്രതിഫലമോ, നഷ്ടപരിഹാരമോ ആഗ്രഹിക്കാതെ രക്ഷിക്കാനും, അടിയന്തിര പ്രഥമ ചികിത്സ നല്‍കാനും ആശുപത്രിയിലെത്തിക്കാനും സഹായിക്കുന്നവരെ നല്ല ശമര്യക്കാരന്‍ (good samaritan ) എന്നാണ് അറിയപ്പെടുന്നത്.
മോട്ടോര്‍ വാഹന നിയമപ്രകാരം ഇങ്ങനെയുള്ളവര്‍ക്ക് ഒരു തരത്തിലുള്ള വിഷമതകളും ഉണ്ടാകാതിരിക്കാനുള്ള നിയമപരമായ സംരക്ഷണം ഉറപ്പു നല്‍കുന്നുണ്ട്(CMVR 168).

ഇത്തരം ആളുകളെ മതം, ജാതി, ദേശീയത, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവുമില്ലാതെ മാന്യമായി പരിഗണിക്കണം. അപകടത്തില്‍ പെട്ട വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചവരോ, ആശുപത്രിയില്‍ എത്തിച്ചവരോ ആയ നല്ല ശമര്യക്കാരനെ കൂടുതല്‍ സമയം അവിടെ ഉണ്ടാവണമെന്ന് ആശുപത്രി ജീവനക്കാരോ പോലീസോ നിര്‍ബന്ധിക്കാന്‍ പാടില്ല.

അവര്‍ക്ക് സ്വമേധയാ താല്‍പര്യമില്ലാത്ത പക്ഷം സാക്ഷിയാക്കാനോ, പേരുവിരങ്ങള്‍ രേഖപ്പെടുത്താനോ പോലീസ് ഓഫീസര്‍ നിര്‍ബന്ധിക്കരുത്.

അവര്‍ സ്വമേധയാ പേരുവിരങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ കൂടി അവരെ സാക്ഷി ആക്കാന്‍ നിര്‍ബന്ധിക്കരുത്.

പരിക്കു പറ്റിയവരെ ആശുപത്രിയിലെത്തിച്ച ഒരു നല്ല ശമര്യക്കാരനോട് താഴെ പറയുന്ന കാര്യങ്ങള്‍ക്കായി ആശുപത്രി അധികൃതര്‍ നിര്‍ബന്ധിക്കരുത്.

1. അവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കാന്‍.
2. ആശുപത്രിയില്‍ അഡ്മിഷനു വേണ്ട procedure പാലിക്കാന്‍.
3. ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ചെലവുകള്‍ നല്‍കാന്‍.

എന്നാല്‍ സ്വമേധയാ വളണ്ടീയറായി പേരു വിവരം നല്‍കുകയാണെങ്കില്‍ അവരാവശ്യപ്പെട്ടാല്‍ നല്ല ശമര്യക്കാരന്റെ പേര്, വിലാസം, അപകടം നടന്ന സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തിയ രശീതി ആശുപത്രിയുടെ ലെറ്റര്‍പാഡില്‍ നല്‍കേണ്ടതാണ്.

കൂടാതെ അവര്‍ സാക്ഷിയാകാന്‍ താല്പര്യമുള്ള ആളാണെങ്കില്‍ അന്വേഷണത്തിന്റെ സഹായത്തിനായി ആ കാര്യം രേഖപ്പെടുത്തേണ്ടതാണ്.
നല്ല ശമര്യക്കാരനെ വിസ്തരിക്കല്‍(CMVR 169).

Also Read; കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

സ്വമേധയാ സാക്ഷിയായി വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച Good Samaritan ആയ ആളിനെ അയാളുടെ വീട്ടിലോ, ജോലി സ്ഥലത്തോ അവരുടെ സൗകര്യത്തിന് അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് വിസ്താരം നടത്താവുന്നതാണ്. ഇങ്ങനെ പോകുന്ന ഉദ്യോഗസ്ഥന്‍ സാധാരണ ഡ്രസ്സില്‍ ആയിരിക്കണം പോകേണ്ടത്. വിസ്താരത്തിനായി പോലിസ് സ്റ്റേഷനില്‍ വരാന്‍ താല്‍പര്യമുള്ള നല്ല ശമര്യക്കാരനെ കൂടുതല്‍ സമയം നഷ്ടപ്പെടുത്താതെ ഒറ്റ പ്രാവശ്യം കൊണ്ട് തന്നെ വിസ്താരം പൂര്‍ത്തിയാക്കേണ്ടതാണ്.

Leave a comment

Your email address will not be published. Required fields are marked *