കോഴിക്കോട് കോര്‍പ്പറേഷന്റെ 13 കോടി തട്ടിയ സംഭവം: കേസ് സിബിഐ ഏറ്റെടുത്തു
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 13 കോടിയുടെ തട്ടിപ്പ് നടത്തിയ കേസ് സിബിഐ ഏറ്റെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ റിജില്‍ ആണ് കേസിലെ പ്രതി. കോര്‍പ്പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത്.
ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ജൂലൈ മാസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ ആയിരുന്നു റിജില്‍. ഇയാള്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്‍പ്പറേഷന്‍ ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്‍പ്പറേഷന്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.
Also Read; മുഖത്തിന് മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖ പുതുക്കാന്‍ പ്രവാസികള്‍ക്ക് നിര്‍ദേശം
പിന്നാലെ ബാങ്ക് മാനേജര്‍ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെന്റ് ചെയ്തു. ബാങ്ക് ആഭ്യന്തര അന്വേഷണവും തുടങ്ങി. കോഴിക്കോട് കോര്‍പ്പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്.