January 21, 2025
#Top Four

കെട്ടിട നമ്പര്‍ അനുവദിക്കാത്തതില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച് പ്രവാസി വ്യവസായി  

കോട്ടയം: പഞ്ചായത്ത് പടിക്കല്‍ സമരം ചെയ്ത പ്രവാസി വ്യവസായിയെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കെട്ടിടനമ്പര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് മാഞ്ഞൂരില്‍ പ്രവര്‍ത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് എന്ന സ്‌പോര്‍ട്‌സ് വില്ലേജിന്റെ ഉടമയായ ഷാജിമോന്‍ ജോര്‍ജ്ജ് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ ധര്‍ണ ആരംഭിച്ചത്. അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച സ്‌പോര്‍ട്‌സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബില്‍ഡിങ് നമ്പര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണു ധര്‍ണ.
പഞ്ചായത്ത് ഓഫിസ് വളപ്പിലാണ് ആദ്യം ധര്‍ണ്ണ നടത്തിയത്. പിന്നീട്  പോലീസ് പുറത്തേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മള്ളിയൂര്‍ മേട്ടുമ്പാറ റോഡില്‍ കിടന്നു പ്രതിഷേധിച്ചു. റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലം പ്രയോഗിച്ച് റോഡില്‍ നിന്നും പൊലീസ് മാറ്റുകയായിരുന്നു. രാവിലെ ഷാജിമോനെ മോന്‍സ് ജോസഫ് എംഎല്‍എ സന്ദശിച്ചിരുന്നു. ജില്ലാതല തര്‍ക്ക പരിഹാര സമിതിയോട് പഞ്ചായത്തിനോടും വ്യവസായിയോടും സംസാരിച്ചു പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മാനദണ്ഡ പ്രകാരമുള്ള വിവിധ സാക്ഷ്യപത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കാത്തതിനാലാണു നമ്പര്‍ നല്‍കാത്തതെന്നാണു മാഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. അതേസമയം പഞ്ചായത്തില്‍ വിശ്വാസമില്ലെന്നും കോടതിയെ സമീപിക്കുമെന്നും ഷാജിമോന്‍ പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പഞ്ചായത്തില്‍ നിന്നും ഇന്നലെ നോട്ടീസ് ഇറങ്ങിയിരുന്നു. ഇതില്‍ ആരുടേയും പേരോ ഒപ്പോ ഇല്ല. ഇത് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ വേണ്ടി ഇറക്കിയതാണ്. ആറു കാരണങ്ങള്‍ കൊണ്ടാണ് പെര്‍മിറ്റ് നല്‍കാത്തതെന്നാണ് നോട്ടീസില്‍ പറയുന്നത്.
എന്നാല്‍ ആറു കാരണങ്ങളാണ് അനുമതി നല്‍കുന്നതിന് തടസ്സമെങ്കില്‍, അക്കാര്യം ചൂണ്ടിക്കാട്ടി ഔദ്യോഗികമായി ഓഫീഷ്യല്‍ ലെറ്ററില്‍ കത്തു നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ വെല്ലുവിളിക്കുകയാണ്. അത്തരത്തില്‍ ഒപ്പും സീലും വെച്ച ഒഫീഷ്യല്‍ ലെറ്റര്‍ തന്നാല്‍ ഈ നിമിഷം സമരം അവസാനിപ്പിക്കും. ഇതില്‍ പറയുന്ന രേഖകളെല്ലാം തന്റെ പക്കലുണ്ട്. എന്നാല്‍ തന്നെ തേജോവധം ചെയ്യാനുള്ള ബിഗ് പ്ലോട്ടാണ് നടക്കുന്നതെന്നും ഷാജിമോന്‍ കുറ്റപ്പെടുത്തുന്നു. കൈക്കൂലിക്കെതിരെ പരാതി നല്‍കിയതിന് കെട്ടിട നമ്പര്‍ വരെ നിഷേധിച്ചതായി ഷാജിമോന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
https://youtu.be/z0PSgF7p5O8

Leave a comment

Your email address will not be published. Required fields are marked *