ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധിച്ച ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി. ആരാധനാലയങ്ങളില്‍ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവില്‍ വ്യക്തത വരുത്തിയ ഡിവിഷന്‍ ബെഞ്ച്, രാത്രി 10 മുതല്‍ രാവിലെ 6 മണിവരെയുള്ള സമയത്ത് നിരോധനം സുപ്രീം കോടതി ഏര്‍പ്പെടുത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടി.
തൃശൂര്‍ പൂരത്തിന് വെട്ടിക്കെട്ട് നടത്താമെന്നുള്ള സുപ്രീം കോടതിയുടെ പ്രത്യേക വിധിയും കോടതി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് പരിഗണിച്ചത്.
ആരാധനാലയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വെടിക്കോപ്പുകള്‍ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കണമെന്ന ഉത്തരവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. രാത്രി 10 മുതല്‍ രാവിലെ ആറു വരെ വെടിക്കെട്ട് സുപ്രീംകോടതി നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. വെടിക്കെട്ട് സംബന്ധിച്ച ക്ഷേത്രങ്ങളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍, സുപ്രീംകോടതി ഉത്തരവ് അനുസരിച്ചായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Also Read; ചുണ്ടിലെ കറുപ്പ് കുറക്കാം ലിപ്സ്റ്റിക്ക് ഇടാതെ
സിംഗിള്‍ ബെഞ്ചിന് മുന്നില്‍ എല്ലാ എതിര്‍കക്ഷികളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരട് വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് പൊതു ഉത്തരവ് പുറപ്പെടുവിച്ചതെന്നും, ഇത് സ്വീകാര്യമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.