ഇതു പ്രോസിക്യൂഷന്റെ വീഴ്ചയല്ലേ? കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച പോലീസിന്റെ വീഴ്ചയല്ലേ

ന്യൂഡല്‍ഹി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിയെ വെറുതേവിട്ട സംഭവത്തില്‍ അപ്പീല്‍ നല്‍കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. പ്രതി കുറ്റം സമ്മതിച്ചതാണെന്നും പിന്നെയെങ്ങനെ രക്ഷപ്പെട്ടെന്നും ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ ഇടപെടല്‍ ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിനായി ഡല്‍ഹിയിലെത്തിയ എംപി, വധശിക്ഷയ്ക്കു വിധിക്കുന്ന തരത്തില്‍ ശിക്ഷാനടപടികള്‍ പോകണമെന്നും ആ തരത്തിലേക്കു ജനമനസ്സാക്ഷി ഉണരണമെന്നും കൂട്ടിച്ചേര്‍ത്തു.
”വെറുതേവിട്ട വിധി കേട്ട് കുട്ടിയുടെ അമ്മ കട്ടപ്പന കോടതിയില്‍ കരഞ്ഞുനിലവിളിക്കുന്ന ദൃശ്യങ്ങള്‍ കരളലിയിക്കുന്നതാണ്. ഏറെ പ്രതിഷേധകരവും ദുഃഖകരവുമായുള്ള വാര്‍ത്തയാണിത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രതികളെ ശിക്ഷിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകണം. തെളിവുകള്‍ പ്രകടമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകവും ബലാത്സംഗവും തെളിയിക്കപ്പെട്ടതാണ്. പ്രതി അന്നു കുറ്റം സമ്മതിച്ചതുമാണ്. അങ്ങനെ നിന്നിടത്തുനിന്ന് പ്രതിയെങ്ങനെ രക്ഷപ്പെട്ടു?
Also Read; ശബരിമലയിലെ പ്രശ്‌നം പരിഹരിക്കണമെന്ന് എംകെ സ്റ്റാലിന്‍
ഇതു പ്രോസിക്യൂഷന്റെ വീഴ്ചയല്ലേ? കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച പോലീസിന്റെ വീഴ്ചയല്ലേ. ഇതു സംബന്ധിച്ച് ഉന്നത ഗൂഢാലോചനയുണ്ട്. പോലീസുകാരും പ്രോസിക്യൂഷനുമൊക്കെ സാധാരണ ഒരു പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കാറില്ല. അതിനുപിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. ഡിവൈഎഫ്‌ഐയുടെ നേതാവാണ് പ്രതി. ആ നേതാവിനെ സംരക്ഷിക്കാന്‍ സിപിഎം ജില്ലാനേതൃത്വം ഇടപെട്ടുവെന്ന ആക്ഷേപം ഞാന്‍ ഉന്നയിക്കുന്നു” ഡീന്‍ കൂട്ടിച്ചേര്‍ത്തു.