ഡോറിവല്‍ ജൂനിയര്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍
റിയോ ഡി ജനീറോ: ബ്രസീല്‍ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയര്‍ എത്തുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. വ്യാഴാഴ്ച റിയോ ഡി ജനീറോയിലുള്ള സിബിഎഫ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും സിബിഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു. 2026 ലോകകപ്പ് വരെ ഡോറിവല്‍ ടീമിനെ പരിശീലിപ്പിക്കുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ അറിയിച്ചു.
ലോകകപ്പ് യോഗ്യത മത്സരത്തിലെ തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്ന് ബ്രസീല്‍ കഴിഞ്ഞ ദിവസം താത്കാലിക പരിശീലകനായ ഫെര്‍ണാണ്ടോ ഡിനിസിനെ പുറത്താക്കിയിരുന്നു. ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ഫ്‌ളുമിനെന്‍സിന്റെ പരിശീലകന്‍ കൂടിയായ ഡിനിസ് ലോകകപ്പിന് ശേഷം ടിറ്റെ ഒഴിഞ്ഞതിനു ശേഷമാണ് ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്.
Also Read; എം ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്ക് കൊണ്ടു; പ്രതികരണം തയ്യാറാക്കി ദേശാഭിമാനി
രണ്ട് ദശാബ്ദത്തിലേറെ പരിശീലന പരിചയമുള്ളയാളാണ് 61കാരനായ ഡോറിവല്‍. സാന്റോസ് എഫ്‌സി, ഫ്‌ളമെംഗോ, അത്‌ലറ്റികോ മിനെറോ തുടങ്ങി പത്തിലധികം ക്ലബ്ബുകളെ ഇതിനോടകം ഡോറിവല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിലെ ക്ലബ്ബായ സാവോ പോളോയ്‌ക്കൊപ്പവും ഫ്‌ളമെംഗോ, സാന്റോസ് എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്കൊപ്പവും ബ്രസീലിയന്‍ കപ്പും ഡോറിവല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ടീമിനെ ഒരുക്കുകയാണ് പുതിയ പരിശീലകനു മുന്നിലെ പ്രധാന വെല്ലുവിളി. ടീമിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് ഡോറിവല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































