നിയന്ത്രണംവിട്ട കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം നിയന്ത്രണംവിട്ട കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ആണ് അപകടം നടന്നത്. പുത്തന്‍ചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോല്‍ക്കാരന്‍ ടിറ്റോ (48), പുന്നേലിപറമ്പില്‍ ജോര്‍ജ് (48) എന്നിവരാണ് മരിച്ചത്.
കുഴിക്കാട്ടുശേരിയില്‍നിന്നു പുത്തന്‍ചിറയിലേക്കു പോകുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പാറമടയിലേക്കു കൈവരി തകര്‍ത്ത് പതിക്കുകയായിരുന്നു. റോഡിനോടുചേര്‍ന്ന് 50 അടിയോളം ആഴമുള്ള കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. അഗ്‌നി രക്ഷാസേനയും പോലീസും എത്തിയെങ്കിലും കുളത്തിനു ആഴം കൂടുതലായതിനാല്‍ തിരച്ചില്‍നടത്താനായില്ല. പിന്നീട് സ്‌കൂബ സംഘം തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.