റൂട്ട് മാറി സഞ്ചരിച്ചു; രാഹുലിന്റെ ഭാരത്‌ജോഡോ ന്യായ് യാത്രക്കെതിരെ അസം പോലീസ് കേസെടുത്തു
ഗുവാഹത്തി: റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു. നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്നും വ്യത്യസ്തമായി യാത്ര കടന്നുപോയെന്നും, ഇതുവഴി ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം സൃഷ്ടിച്ചു എന്നും കാണിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Also Read ; കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്
യാത്രയുടെ മുഖ്യ സംഘാടകന്‍ കെബി ബൈജു അടക്കം ഏതാനും പേര്‍ക്കെതിരെയാണ് ജോര്‍ഹട്ട് സദര്‍ പോലീസ് കേസെടുത്തത്. യാത്രയ്ക്ക് കെബി റോഡ് വഴി പോകാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ യാത്ര മറ്റൊരു വഴിക്ക് തിരിഞ്ഞത് നഗരത്തില്‍ വന്‍ തിരക്കിനും ഗതാഗത സ്തംഭനത്തിനും ഇടയാക്കിയെന്നും പോലീസ് പറയുന്നു.
യാത്രയില്‍ ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും, റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ റൂട്ട് മാറിയില്ലെന്നും യാത്രക്ക് ലഭിച്ച ജനപിന്തുണയില്‍ അസ്വസ്ഥനായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പകവീട്ടുകയാണെന്നും സംഘാടകര്‍ ആരോപിച്ചു. കൂടാതെ യാത്ര പരാജയപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പ്രവേശിച്ചത്. അസമില്‍ എട്ടു ദിവസം കൊണ്ട് 833 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര 17 ജില്ലകളില്‍ കൂടി കടന്നുപോകും. പര്യടനത്തിനിടെ സംസ്ഥാനത്തെ വിവിധ ഗോത്ര വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധിചര്‍ച്ചനടത്തും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം