December 18, 2025
#india #Politics #Top News

ബിഹാറില്‍ നിതീഷ് കുമാര്‍ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്; ഇന്‍ഡ്യ മുന്നണി അങ്കലാപ്പില്‍

പട്‌ന: ബി ജെ പിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യാതെയാകും പുതിയ മന്ത്രിസഭ വരിക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നാണ് സൂചന.

Also Read ;റിപ്പബ്ലിക് ദിനാഘോഷം ഒരുമിച്ചിരുന്ന് ആസ്വദിച്ചു; പരസ്പരം മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും മടങ്ങി

ജനുവരി 29ന് പൊതുയോഗങ്ങള്‍ ഉള്‍പ്പടെ എല്ലാ പരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്. 2022 ല്‍ എന്‍ ഡി എ സഖ്യം വിട്ട് ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ നിതീഷ് വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുകയാണ്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിനു കേന്ദ്രസര്‍ക്കാര്‍ ഭാരതരത്‌നം പ്രഖ്യാപിച്ചത് ബി ജെ പി- ജെ ഡി യു സഖ്യം പുനസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലിനിടെയാണ് നിതീഷിന്റെ നീക്കമുണ്ടായത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിഹാറില്‍ ചടുല രാഷ്ട്രീയനീക്കങ്ങളാണ് നടക്കുന്നത്. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡിനെ (ജെ ഡി യു) ഒഴിവാക്കി ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയുമോയെന്ന കണക്കുകൂട്ടലിലാണ് സഖ്യകക്ഷികളായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) നേതൃത്വം. ജെ ഡി യു പിന്മാറിയാല്‍ നിലവിലെ നിയമസഭാ അംഗബലമനുസരിച്ചു മഹാസഖ്യത്തിനു കേവല ഭൂരിപക്ഷം തികയ്ക്കാന്‍ എട്ട് എം എല്‍ എമാരുടെ കുറവുണ്ട്.

രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു യാദവ് വിശ്വസ്തരായ ഭോല യാദവ,് ശക്തി സിങ് യാദവ് എന്നിവരുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി എം എല്‍ എമാരും ലാലുവിനെ സന്ദര്‍ശിച്ചു. ഇന്‍ഡ്യ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് നിതീഷിന്റെ കൂടുമാറ്റം. നിതീഷ് പോകുന്നതിന്റെ ക്ഷീണം മറികടക്കാന്‍ മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടി അധ്യക്ഷന്‍ ഖാര്‍ഗെ തന്നെയാണ് മമതയെ അനുനയിപ്പിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *