കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധ്യത; സുരേന്ദ്രന്റെ പദയാത്രക്ക് ശേഷം പ്രഖ്യാപനം

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ് ബിഡിജെഎസിന് നല്‍കാന്‍ തത്വത്തില്‍ ധാരണ. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് പുറമേ ഈഴവ, നായര്‍ വോട്ടുകളും കോട്ടയത്ത് നിര്‍ണായകമാണ്. ഹൈന്ദവ വിഭാഗത്തിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ നായര്‍, ഈഴവ സമുദായങ്ങളില്‍ നിന്ന് വര്‍ഷങ്ങളായി ഒരാളെപ്പോലും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ ഇരുസമുദായങ്ങള്‍ക്കും അതൃപ്തിയുണ്ട്. എസ്എന്‍ഡിപി യോഗത്തിന് ശക്തമായ വേരുകളുള്ള മണ്ഡലം കൂടിയാണ് കോട്ടയം. ഇതാണ് തുഷാറിന് അനുകൂലമാകുന്ന ഘടകങ്ങള്‍.
2019-ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പി സി തോമസ് നേടിയത് 1,55,153 വോട്ടാണ്. ഇക്കുറി രണ്ടര ലക്ഷത്തിലധികം വോട്ടുകള്‍ നേടാനാകുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ച് എ ക്ലാസ് മണ്ഡലമെന്ന കാറ്റഗറിയിലേക്ക് കോട്ടയത്തെ ഉയര്‍ത്തുകയാണ് എന്‍ഡിഎ ലക്ഷ്യം.
എന്നാല്‍ ഘടകകക്ഷി സ്ഥാനാര്‍ത്ഥിയെ അവര്‍ തീരുമാനിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ ബിജെപി പിന്തുണയ്ക്കുമെന്നും ലിജിന്‍ ലാല്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം