വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ ഏറ്റെടുത്ത് സി പി എം; വീട് പണി പൂര്‍ത്തിയാക്കാനുള്ള പണവും നല്‍കും

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ ഏറ്റെടുത്ത് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി. വീട് പണി പൂര്‍ത്തിയാക്കാനുള്ള പണം നല്‍കാനും തീരുമാനമായി. സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശ്ശികയായ ഏഴുലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് നടപടി.
Also Read ; തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ച് അപകടം; ആറുപേര്‍ മരിച്ചു
2019 ലാണ് കുടുംബം വായ്പയെടുത്തത്. ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് ബാങ്ക് വായ്പയെടുത്തത്. പീരുമേട് താലൂക്ക് സഹകരണ കാര്‍ഷിക – ഗ്രാമ വികസന ബാങ്കില്‍നിന്ന് അഞ്ച് ലക്ഷം രൂപയാണ് വായ്പയെടുത്തത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനാണ് വായ്പയെടുത്തത്. അച്ഛനമ്മമാരില്ലാത്ത കുട്ടിയെ ഇവരാണ് സംരക്ഷിച്ചിരുന്നത്. എന്നാല്‍, ആറു വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. കുടിശ്ശിക കൂടി വായ്പ തിരിച്ചടവ് തുക 7,39,000 രൂപയായി. എന്നാല്‍, ഈ തുകയും സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അടക്കും.
സ്വന്തം സ്ഥലത്ത് തുടങ്ങിയ വീടുപണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വീട് പൂര്‍ത്തിയാക്കണമെങ്കില്‍ നാലുലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിനാവശ്യമായ സഹായം നല്‍കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. വീടിന്റെ ബാക്കിയുള്ള പണികള്‍ സിപിഐ പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം