മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി തുടരും, ആദ്യഘട്ടം ഫെബ്രുവരി 18 മുതല്‍ പത്ത് കേന്ദ്രങ്ങളില്‍
തിരുവനന്തപുരം: ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഘട്ടത്തില്‍ 10 കേന്ദ്രങ്ങളില്‍ മുഖാമുഖ പരിപാടി നടത്തും. കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ഉണ്ട് എന്ന ജനങ്ങളുടെ പ്രഖ്യാപനമായി നവകേരള സദസ്സ് മാറി. അതിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേര്‍ക്കും. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി മുഖാമുഖ പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍, തൊഴില്‍ മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ഇങ്ങനെ നടക്കുക. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളില്‍ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകള്‍ വിശദമായി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും.
വനിതകളുമായുള്ള മുഖാമുഖം പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രസിഡന്റുമാര്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി, സാന്ത്വനപരിചരണം, വനിതാ കര്‍ഷകര്‍, വനിതാ അഭിഭാഷകര്‍, ഐടി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുക്കും. വനിതാക്ഷേമവും സുരക്ഷയും സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാന പരിഗണനകളില്‍ ഒന്നാണ്. ആ മേഖലകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചിട്ടുമുണ്ട്. അവയെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താനുള്ള ആശയങ്ങള്‍ ഈ മുഖാമുഖ വേദിയില്‍ പങ്കുവയ്ക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































