October 18, 2024
#Crime #kerala #Top Four #Top News

രഞ്ജിത്ത് ശ്രീനിവാസന്‍ കേസ്; എല്ലാ പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന മുന്‍ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ എല്ലാം പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചിട്ടുണ്ട്.

നേരത്തെ കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും പ്രവര്‍ത്തകരാണ് പ്രതികള്‍ എല്ലാവരും. മാവേലിക്കര അഡീ. സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.

പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കല്‍ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

2021 ഡിസംബര്‍ 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശി രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നിലിട്ടായിരുന്നു ഈ ഹീന പ്രവൃത്തിയുണ്ടായത്. തലേന്ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് രഞ്ജിത്ത് ശ്രീനിവാസന് നേരെ ആക്രമണമുണ്ടായത്.

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ഒന്നു മുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ആദ്യ എട്ട് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിയിച്ചിരുന്നു. 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ കൊലയാളികള്‍ക്ക് സഹായം നല്‍കിയവരാണ്.

 

Leave a comment

Your email address will not be published. Required fields are marked *