കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ട്വന്റി 20 പാര്‍ട്ടി ചെയര്‍മാനും കിറ്റെക്‌സ് എം.ഡി.യുമായ സാബു എം. ജേക്കബിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്. പുത്തന്‍കുരിശ് പോലീസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാബു എം. ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്.
ട്വന്റി 20 പാര്‍ട്ടി ജനുവരി 21-ന് കോലഞ്ചേരിയില്‍ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് സാബു എം. ജേക്കബിനെതിരേ പോലീസ് കേസെടുത്തത്. പ്രസംഗത്തില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് പി.വി. ശ്രീനിജിന്‍ എം.എല്‍.എ. നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. എസ്.സി.-എസ്.ടി. ആക്ടിലെ വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് കേസെടുത്തിരുന്നത്.
Also Read; തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവം; പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍
രാഷ്ട്രീയ വൈരത്തെ തുടര്‍ന്ന് തന്നെ എങ്ങനെയും അറസ്റ്റ് ചെയ്യിപ്പിക്കാനാണ് പരാതിക്കാരന്റെ ശ്രമമെന്നും അതിന്റെ ഭാഗമാണ് കേസെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. അതിനാല്‍ ഇത് കരുതിക്കൂട്ടി ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഹര്‍ജിക്കാരനെതിരായ സമാനമായ കേസില്‍ മുന്‍പ് തുടര്‍ നടപടികള്‍ ഹൈക്കോടതി മുന്‍പ് സ്റ്റേ ചെയ്തിട്ടുള്ളത് കണക്കിലെടുത്താണ് അറസ്റ്റ് വിലക്കിയിരിക്കുന്നത്.സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി മാര്‍ച്ച് നാലിന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു.





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































