#Politics #Top Four

കര്‍ണാടക ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിലെ കര്‍ണാടക ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതികരണം.

‘എസ് എഫ് ഐ ഒ അന്വേഷണത്തിന് പര്യാപ്തമായ കുറ്റകൃത്യം നടന്നിട്ടില്ലെന്ന വാദത്തെ കോടതി തള്ളിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും പറഞ്ഞത്. ഈ വാദത്തിന്റെ മുനയൊടിക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പ്രതീക്ഷിച്ച വിധിയാണ്. വിധി പകര്‍പ്പ് പൂര്‍ണമായും കണ്ടാലെ ഇത് സംബന്ധിച്ച് കൃത്യത വരികയുള്ളൂ. ‘- മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Also Read; കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ മരിച്ചു

എക്‌സാലോജിക് കമ്പനി നല്‍കിയ ഹര്‍ജി ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് തള്ളിയത്. എസ് എഫ് ഐ ഒക്ക് എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാടുകളില്‍ അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് ഫെബ്രുവരി 12ന് കോടതിയില്‍ നടന്നിരുന്നത്. സിഎംആര്‍എല്ലിന്റെ ഇടപാടുകളില്‍ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായതായി എസ് എഫ് ഐ ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കുളൂര്‍ അരവിന്ദ് കാമത്ത് വ്യക്തമാക്കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *