കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴുക്കള്‍, ഭക്ഷ്യയോഗ്യമല്ലെന്ന് തെലങ്കാന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റുകള്‍ ഭക്ഷ്യയോഗ്യമായ ഉത്പന്നമല്ലെന്ന് റിപ്പോര്‍ട്ട്. തെലങ്കാന ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധന ഫലത്തിലാണ് ഗുരുതരമായ ചൂണ്ടിക്കാട്ടലുകള്‍.
ഫെബ്രുവരി 9 ന് ഹൈദരാബാദിലെ അമീര്‍പേട്ടിലെ ഒരു സ്റ്റോറില്‍ നിന്ന് വാങ്ങിയ ചില ചോക്ലേറ്റുകളില്‍ ആക്ടിവിസ്റ്റ് റോബിന്‍ സാച്ചൂസ് പുഴുക്കളെ കണ്ടെത്തിയിരുന്നു.അദ്ദേഹം വിശകലനത്തിനായി അയച്ചു നല്‍കിയ സാംപിളുകളിലാണ് വെളുത്ത വിരകളെയും പൂപ്പലുകളും കണ്ടെത്തിയത്.
റിപ്പോര്‍ട്ടില്‍ ചോക്ലേറ്റുകള്‍ കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഗവേഷകരുടെ നിഗമനം. തെലങ്കാന ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ചോക്ലേറ്റ് പരിശോധന ‘സാമ്പിളില്‍ വെളുത്ത പുഴുക്കളും പൂപ്പലുകളും അടങ്ങിയിരിക്കുന്നു, അതിനാല്‍ 2006 ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് സെക്ഷന്‍ 3 (zz) (iii) (ix) പ്രകാരം സുരക്ഷിതമല്ലെന്ന് കണക്കാക്കുന്നുവെന്നാണ് ലാബിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയെ തന്റെ പോസ്റ്റില്‍ ടാഗ് ചെയ്ത സാച്ച്യൂസ്, കുട്ടികള്‍ക്ക് നിരന്തരം ദോഷകരമായ ഭക്ഷണം നല്‍കുന്ന ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) കമ്പനികള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വാദിച്ചു. സമൂഹത്തിന് അപകടകരമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ രാജ്യത്തെ വ്യവസ്ഥിതിയെ പരിഹസിക്കുകയാണ്. അവരെ മാതൃകാപരമായി ശിക്ഷിക്കുകയും ലൈസന്‍സുകള്‍ റദ്ദാക്കുകയും വേണമെന്ന് സാച്യൂസ് ആവശ്യപ്പെട്ടു. പോസ്റ്റിന് മറുപടിയായി, കാഡ്ബറി ബ്രാന്‍ഡിന്റെ മാതൃ കമ്പനിയായ മൊണ്ടെലെസ് രംഗത്ത് വന്നു. ‘ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഭൗതികവും രാസപരവും മൈക്രോബയോളജിക്കല്‍ പ്രശ്നങ്ങളില്‍ നിന്നും മുക്തമാണെന്ന് ഉറപ്പാക്കാന്‍ ലോകത്തിലെ ഏറ്റവും സമഗ്രമായ ഭക്ഷ്യ സുരക്ഷാ സംവിധാനമായ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട HACCP (ഹാസാര്‍ഡ് അനാലിസിസ് ആന്‍ഡ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റുകള്‍) പ്രോഗ്രാമാണ് മൊണ്ടെലെസ് പിന്തുടരുന്നത്,’ മൊണ്ടെലെസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































