September 7, 2024
#Top Four

ലോക്‌സഭാ തെരഞ്ഞൈടുപ്പ് ഏപ്രില്‍ 19ന്; കേരളത്തില്‍ 26ന്, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. കേരളത്തില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ പത്രികാ സമര്‍പ്പണം മാര്‍ച്ച് 28ന് തുടങ്ങി ഏപ്രില്‍ നാലിന് അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിനാണ്. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടിനാണ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. 11 സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 26നാണ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനും നാലാംഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും അവസാനഘട്ടം ജൂണ്‍ ഒന്നിനുമാണ്. 2024 ജൂണ്‍ 16 വരെയാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി. ആകെയുള്ള 543 ലോക്‌സഭാ സീറ്റില്‍ 412 ജനറല്‍ സീറ്റുകളും 84 പട്ടികജാതി സംവരണ സീറ്റുകളും 47 പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളുമാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ്, ഒഡീഷ എന്നി സംസ്ഥാന നിയമസഭകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശില്‍ മെയ് 13നാണ് നിയസഭാ തിരഞ്ഞെടുപ്പ്. ഒഡീഷയില്‍ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മെയ് 25നും ജൂണ്‍ ഒന്നിനുമാണ് ഒഡീഷയിലെ നിയസഭാ തിരഞ്ഞെടുപ്പ്. അരുണാചല്‍ പ്രദേശിലും സിക്കിമിലും ഏപ്രില്‍ 19നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Also Read; സിനിമ ചിത്രീകരണത്തിനായി നടന്‍ വിജയ് കേരളത്തിലെത്തുന്നു

രാജ്യത്തെ 97 കോടി വോട്ടര്‍മാരാണ് ഏഴുഘട്ടത്തിലായി നടക്കുന്ന വോട്ടെടുപ്പില്‍ പങ്കാളികളാവുക. പത്തരലക്ഷം പോളിങ്ങ്ബൂത്തുകളാണ് പൊതു തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കുക. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങ് സൗകര്യം ഏര്‍പ്പെടുത്തും. കരാര്‍ ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 2100 തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിക്കും. പോളിങ്ങ് ബൂത്തുകളില്‍ കേന്ദ്ര സേനയെ ഉള്‍പ്പെടെ സുരക്ഷയ്ക്കായി നിയോഗിക്കും. ബൂത്തുകളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. തിരഞ്ഞെടുപ്പില്‍ മണിപവറും മസില്‍ പവറും അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിന് പകരം മദ്യവും പണവും നല്‍കുന്നത് തടയുമെന്നും ഓണ്‍ലൈന്‍ പണമിടപാട് നിരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിമര്‍ശനമാകാം പക്ഷെ വ്യാജവാര്‍ത്തകള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തതവരുത്തി. സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *