October 25, 2025
#kerala #Top News

‘കാക്കയുടെ നിറം’: ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ വ്യാപക പ്രതിഷേധം.

തൃശൂര്‍: നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനു നേരെയാണ് ജാതിഅധിക്ഷേപം നടത്തിയത്. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാള്‍ക്കു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം നടക്കുന്നു.

Also Read ; ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി – കൂനൂര്‍വഴി ടോയ് ട്രെയിനില്‍ ഒരു അടിപൊളി യാത്ര, സര്‍വീസ് മാര്‍ച്ച് 29 മുതല്‍

”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്‍ക്കാര്‍. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല്‍ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ഒക്കെ ആണ്‍പിള്ളേര്‍ കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള പോലും സഹിക്കില്ല”- സത്യഭാമ അഭിമുഖത്തില്‍ പറയുന്നു.

ഇതിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക പ്രതിഷേധമാണുയരുന്നത്. രാമകൃഷ്ണനു പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തി. ഇതോടെ സംഭവത്തില്‍ പ്രതികരിച്ച് രാമകൃഷ്ണനും സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. തന്റെ വിദ്യാഭ്യാസ യോഗ്യത വിവരിച്ചും സത്യഭാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചാണ് കുറിപ്പ്.

ആര്‍എല്‍വി രാമകൃഷ്ണന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇപ്രകാരം:

പ്രിയ കലാ സ്‌നേഹികളെ, …

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേര്‍ത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.

ഞാന്‍ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും. എന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാന്‍ ഏതോ ഒരു സ്ഥാപനത്തില്‍ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവര്‍ പുലമ്പുന്നത്. എന്നാല്‍ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാന്‍ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതല്‍ തൃപ്പൂണിത്തുറ RLV കോളേജില്‍ മോഹിനിയാട്ട കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാന്‍.

ഇതുകൂടാതെ ഇവര്‍ പറയുന്ന കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തില്‍ തന്നെ മോഹിനിയാട്ടത്തില്‍ Phd പൂര്‍ത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റന്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദര്‍ശന്‍ കേന്ദ്രം A graded ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.

കലാമണ്ഡലം പേരോടു ചേര്‍ത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തില്‍ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ Phd നേടുന്നതും ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *