പ്രജ്വല്‍ രേവണ്ണയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ, പ്രജ്വലിനെ സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ് കോര്‍കമ്മറ്റി
ബെംഗളൂരു: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.നയതന്ത്ര മാര്‍ഗത്തിലൂടെ പ്രജ്ജ്വലിനെ നാട്ടിലെത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം രേവണ്ണയ്ക്ക് നോട്ടീസ് അയച്ചത്.കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുന്നതിന് മുന്‍പ് വിദേശത്തേക്ക് കടന്ന പ്രജ്വല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.എന്നാല്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന് പ്രജ്ജ്വല്‍ ആവശ്യപ്പെട്ടു.കേസിലെ മറ്റൊരു പ്രതിയായ, പ്രജ്വലിന്റെ പിതാവും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
Also Read ; ഉയരങ്ങള്‍ കീഴടക്കി ഖത്തര്‍; ലോകത്തിലെ ആദ്യ 10 സമ്പന്ന രാഷ്ട്രങ്ങളില്‍ ഇന്നി ഖത്തറും
ഇതിനിടെ ഹുബ്ബള്ളിയില്‍ ചേര്‍ന്ന ജെഡിഎസ് കോര്‍കമ്മിറ്റി യോഗത്തില്‍ പ്രജ്ജ്വല്‍ രേവണ്ണയെ സസ്പെന്‍ഡ് ചെയ്തിരുന്നു. നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും, പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ പരാതി. പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നതോടെ പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമാണ് പ്രജ്വലിന്റെ വീഡിയോ വിവാദം. ഈ പശ്ചാത്തലത്തില്‍ തിരിച്ചടി മുന്നില്‍ കണ്ട് മുഖം രക്ഷിക്കാനാണ് ജെഡിഎസിന്റെ ശ്രമം.കൂടാതെ എസ്‌ഐടി അന്വേഷണത്തെയും ജെഡിഎസ് സ്വാഗതം ചെയ്തു. അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കര്‍ണാടക ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..