ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണം: പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് പരിഷ്‌ക്കരണത്തില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി ഗതാഗത വകുപ്പ്. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്ന് നേരത്തെ ഇറക്കിയ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിങ് സ്‌കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് പുതിയ സര്‍ക്കുലര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയത്.
Also Read ; താനൂര്‍ കസ്റ്റഡികൊലപാതകം : പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു
ഇതുപ്രകാരം പുതിയ സര്‍ക്കുലറില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന മുന്‍ ഉത്തരവ് നിബന്ധനയ്ക്ക് വിധേയമാക്കി ആറു മാസം കൂടി ഉപയോഗിക്കുന്നതിനാണ് പുതിയ സര്‍ക്കുലറില്‍ അനുമതി നല്‍കിയിരിക്കുന്നത്. പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നും പുതിയ സര്‍ക്കുലറിലുണ്ട്. സര്‍ക്കുലര്‍ ഇറങ്ങിയതോടെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്തുന്നത് വീണ്ടും പുനരാരംഭിക്കാനാകും. സമരത്തെതുടര്‍ന്ന് ടെസ്റ്റുകള്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..